മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്: സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

0

കലൂർ സ്റ്റേഡിയത്തിൽ നൃത്തസന്ധ്യ സംഘടിപ്പിച്ച മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടി പൊലീസ്. അടിമുടി ദുരൂഹമാണ് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകൾ. പരിപാടിക്കായി കുട്ടികളിൽ നിന്നും പണം പിരിച്ചതിൽ അടക്കം ക്രമക്കേട് ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിക്കും ഇതിനായി പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ വ്യക്തമായി പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കിൽ നടി ദിവ്യ ഉണ്ണിയെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും, കൺമുന്നിൽ നടന്ന അപകടം ഞെട്ടിക്കുന്നതാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

ഹൈക്കോടതി നിർദ്ദേശ പ്രകാരം മൃദംഗ വിഷൻ MD നിഗേഷ് കുമാറിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകും. കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നിഗേഷ്. വേദിയുടെ നിർമാണത്തിലെ വീഴ്ചയാണ് പ്രധാനമായും സംഘം അനേഷിക്കുന്നത്. ജിസിഡിഎയുടെ നിബന്ധനകൾ പാലിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.

അതേസമയം, അപകടത്തിൽ വിശദീകരണം തേടി ജിസിഡിഎക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. പരിപാടിക്ക് മുന്നേ പരിശോധന നടന്നോ എന്ന പ്രധാന ചോദ്യം മുൻനിർത്തിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരിശോധന നടത്തേണ്ടിയിരുന്ന സൈറ്റ് എഞ്ചിനിയറുടെ വിവരങ്ങൾ കൈമാറാനും നിർദ്ദേശമുണ്ട്.

ഉമ തോമസ് എംഎൽഎയ്ക്കു സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വേദിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടനും മൃദംഗ വിഷൻ രക്ഷധികാരിയുമായ സിജോയ് വർഗീസിന്റെ ആവശ്യ പ്രകാരമായിരുന്നു എംഎൽഎ ഇരിപ്പിടം മാറിയത്. മറ്റൊരു ഇരിപ്പിടത്തിലേക്ക് നടക്കുന്നതിനിടെയാണ് കാൽ വഴുതി താഴേക്ക് വീണത്.നടന്നു നീങ്ങാനുള്ള സ്ഥലം പോലും വേദിയിൽ ഇല്ല. അപകടം നടക്കുമ്പോൾ മന്ത്രി സജി ചെറിയാനും എഡിജിപി എസ് ശ്രീജിത്തും, കൊച്ചി കമ്മീഷണർ പുട്ട വിമലാദിത്യയും വേദിയിലുണ്ടായിരുന്നു.

വേദിയിൽ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉമയുടെ കാലിടറിയത്. റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്കു വീഴുകയായിരുന്നു. സംഘാടകരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണു സംഭവിച്ചതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *