കേരള ഫെൻസിങ് വികസനത്തിന് എല്ലാ സഹായവും നൽകും: രാജീവ് മേത്ത
കേരളത്തിലെ ഫെൻസിങ്ങിന്റെ വികസനത്തിന് എല്ലാ സഹായവും നൽകുമെന്ന് ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യാ ഫെൻസിങ് ഫെഡറേഷന്റെ അൻപതാം വാർഷികാഘോഷ ചടങ്ങിലും സ്വീകരണത്തിലും വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിനായി കേരള ഫെൻസിങ് അസോസിയേഷന് ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യയും ഇന്ത്യൻ ഫെൻസിങ് അസോസിയേഷനും ചേർന്ന് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുന്ന ഒളിമ്പിക്‌സിലും ദേശീയ ഗെയിംസിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇന്ത്യൻ ഫെൻസിംഗ് താരങ്ങൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഓൾ ഇന്ത്യാ ഫെൻസിങ് ഫെഡറേഷന്റെ അൻപതാം വാർഷികാഘോഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.
രാജീവ് മേത്തയെ ബോക്‌സിങ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഡോ. എൻ കെ സൂരജ് ആദരിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ, സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് ഒ കെ വിനീഷ്, സെക്രട്ടറി ജനറൽ മുജീബ് റഹ്‌മാൻ, സംഘാടക സമിതി കൺവീനർ വി പി പവിത്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി പി സന്തോഷ് കുമാർ, എൻ ഹരിദാസ് എന്നിവർ സംസാരിച്ചു.