വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച മുതൽ
കേരള സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 39ാമത് ദേശീയ സീനിയർ പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തുടക്കമാവും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. ഫെൻസിങ് ഫെഡറേഷന്റെ ഏഷ്യൻ സെക്രട്ടറി രാജീവ് മേത്ത, എം.പി.മാരായ കെ സുധാകരൻ, വി. ശിവദാസൻ, ഫെൻസിങ് ഫെഡറേഷൻ ട്രഷറർ ബഷീർ അഹമ്മദ് ഖാൻ, കേരള സ്പോർട്‌സ് കൌൺസിൽ പ്രസിഡന്റ് യു. ഷറഫലി, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സരങ്ങളുടെ സമയം.
ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ മത്സരം തുടരും. 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സർവ്വീസ് ടീമിനേയും പ്രതിനിധീകരിച്ച് 700 ഓളം കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന്റെ സെലെക്ഷൻ മത്സരം കൂടി ആണ് ഈ ചാമ്പ്യൻഷിപ്പ്.
ഒളിമ്പ്യൻ ഭവാനി ദേവി ഉൾപ്പെടെ ഇന്ത്യയുടെ ദേശീയ അന്തർദേശീയ താരങ്ങൾ എല്ലാവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജീകരിച്ച 13 പിസ്റ്റുകളിലാണ് മത്സരങ്ങൾ നടക്കുക. എപ്പി, സാബർ, ഫോയൽ വിഭാഗത്തിൽ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും ഉണ്ടായിരിക്കും.
സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ അഡ്വ. സജീവ് ജോസഫ്, എം വിജിൻ, ടി.ഐ. മധുസൂദനൻ, അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവർ പങ്കെടുക്കും.
ദിശ യോഗം മുദ്ര, വിദ്യാഭ്യാസ വായ്പ: ജില്ലാതല സമിതി രൂപീകരിക്കും
മുദ്ര വായ്പ ലഭ്യമാകുന്നതിന് തടസ്സം നേരിടുന്നതായും വിദ്യാർഥികളിൽ പലരും വിദ്യാഭ്യാസ വായ്പ കിട്ടാതെ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതായും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പരാതികൾ പരിഹരിക്കുന്നതിന് ജില്ലാതല സമിതി രൂപീകരിക്കാൻ ജില്ലാ വികസന കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി-ദിശ തീരുമാനിച്ചു. കെ സുധാകരൻ എം പിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. സർക്കാരുകളുടെ പദ്ധതി പ്രകാരം വായ്പകൾ നൽകുന്നതിൽ ബാങ്കുകളുടെ പൂർണ സഹകരണം യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനവും പുരോഗതി യോഗം അവലോകനം ചെയ്തു. പദ്ധതികൾ പ്രാവർത്തികമാക്കുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ കാലതാമസമില്ലാതെ പരിഹരിച്ച് മുന്നോട്ടു പോകാൻ എം പി നിർദേശം നൽകി. സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തീരുമാനങ്ങൾ 100 ശതമാനം പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനം ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വികസന, സാമൂഹ്യക്ഷേമ, ജനസൗഹൃദ പരിപാടികൾ വേഗത്തിൽ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടറുടെ ചുമതലയുടെ എഡിഎം സി പദ്മചന്ദ്രകുറുപ്പ്, എൽഎസ്ജിഡി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ രാജേഷ് കുമാർ, ജനപ്രതിനിധികൾ, ജില്ലാ തല ഉദ്യാഗസ്ഥർ, നിർവഹണ ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ കെഎസ്ആർടിസി
ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി. ഡിസംബർ മാസത്തിൽ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയിൽ കണ്ണൂർ യൂനിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂനിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി. മനോജ് കുമാർ പറഞ്ഞു.
ജനുവരി മൂന്നിന് ഗവി-കുമളി, കൊല്ലൂർ-കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാർ-മറയൂർ ആണ് യാത്ര. ജനുവരി 11ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 12 ന് വൈതൽമല, കോഴിക്കോട്, 17 ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ-മറയൂർ, 26ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി , 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറിൽ ബന്ധപ്പെടാം.
വാക് ഇൻ ഇന്റർവ്യൂ ആറിന്
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് ഒരു വർഷത്തേക്ക് സപ്പോർട്ടിംഗ് എൻജിനീയറെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബി ടെക് കമ്പ്യൂട്ടർ സയൻസ്, എംസിഎ/എംഎസ് സി ഐടി, എംഎസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ജനുവരി ആറിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 04972700596
അധ്യാപക നിയമനം
വളപട്ടണം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) വാർഷിക പദ്ധതി 2024-25 സാംക്രമീകേതര രോഗ നിയന്ത്രണ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി ഒമ്പതിന് ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർക്കും എല്ലാ സ്ഥാപനങ്ങളുടെയും മെഡിക്കൽ ഓഫീസർമാർക്കും നടത്തുന്ന എൻസിഡി പ്രോഗ്രാം അവലോകന യോഗത്തിലേക്ക് ആവശ്യമായ ഭക്ഷണം സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി ഏഴിന് രാവിലെ 11 നകം ക്വട്ടേഷൻ ലഭിക്കണം. ഫോൺ -04972 700194
സൗജന്യ പി.എ സ്.സി പരീ ക്ഷ പരിശീലനം
തലശ്ശേരി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന സൗജന്യ പിഎസ്സി പരിശീലന ബാച്ചിലേക്ക് പരിമിതമായ സീറ്റുകൾകൂടി ബാക്കിയുണ്ട്. ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം കോച്ചിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9656048978, 9656307760.