പെരിങ്ങത്തൂരിൽ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം; പ്രതി പൊലീസ് പിടിയിൽ
പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. രാത്രിയിൽ ഹെൽമെറ്റും തൂമ്പയുമായി എത്തിയായിരുന്നു എടിഎം തുറക്കാൻ ശ്രമം.
ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു പ്രതി എടിഎം കുത്തിതുറക്കാൻ ലക്ഷ്യമിട്ടെത്തിയത്. ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവിൻ്റെ കൈയിലെ തൂമ്പ ഉപയോഗിച്ച് മെഷീനിൻ്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാൽ സിസിടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട അധികൃതർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രൊബേഷൻ എസ്.ഐ വിനീതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സൗജിത്, തലശ്ശേരി എ.എസ്.പി സ്‍ക്വാഡ് അംഗങ്ങളായ രതീഷ് ലിജു ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.