പി പി ദിവ്യയെ നീക്കി സി പി എം

0

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ നീക്കി സി പി എം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് സി പി എം നടപടി. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെയാണ് പിപി ദിവ്യയെ പുറത്താക്കിയ കാര്യം അറിയിച്ചത്.

നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു. പി പി ദിവ്യയെ പ്രതിചേർത്ത് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട് നൽകിയത്.

യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്.

സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *