നവീന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, എന്റെ നിരപരാധിത്വം തെളിയിക്കും: പി പി ദിവ്യ
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പി പി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും തന്റെ പരാമര്‍ശത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും ദിവ്യ അറിയിച്ചു. വിഷയത്തിലെ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കും. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ട്. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ പ്രതികരിച്ചു.
കണ്ണൂരില്‍ നിന്ന് സ്വദേശത്തേക്ക് സ്ഥലം മാറിപ്പോകുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തി ദിവ്യ നടത്തിയ പരാമര്‍ശമാണ് നവീന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് ഉയരുന്ന ആരോപണം. താന്‍ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമായിരുന്നെന്ന് ദിവ്യ പറയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിലാണ് ആ സ്ഥാനത്തുനിന്ന് മാറുന്നതെന്നും ദിവ്യ വ്യക്തമാക്കി.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്നാണ് കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചുവെന്നും സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.