പി പി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
പിപി ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി.തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ കടുത്തത്.
മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ്എ ചടങ്ങിന് എത്തിയതെന്ന ആരോപണവും തള്ളിക്കളഞ്ഞു. ജില്ലാ കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
എന്നാൽ ദിവ്യയുടെ വാദങ്ങൾ പൂർണമായും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ തള്ളിക്കളയുകയാണ് ഉണ്ടായത്. പിപി ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കളക്ടർ മൊഴിയിൽ വീണ്ടും ആവർത്തിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IAS ആണ് കളക്ടറുടെയും നവീൻ ബാബുവിന്റെ ഓഫിസിലെയും ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. ഗീത IAS ന്റെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ കളക്ടർക്ക് നേരെ നടപടിയെടുക്കാനാണ് തീരുമാനം.
അതേസമയം, ഇന്ന് മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടികളെല്ലാം കളക്ടർ ഒഴിവാക്കി. പിണറായി AKG സ്കൂൾ കെട്ടിടോദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ.