പെരിയ ഇരട്ടക്കൊലപാതകം; 14 പ്രതികളും കുറ്റക്കാരെന്ന് കോടതി

0

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.


14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ​ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഐഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നു. വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *