സ്ത്രീധന പീഡനം; മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്.
ശുചീന്ദ്രത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ലക്ഷം രൂപയും 50 പവന് സ്വര്‍ണവും ശ്രുതിക്ക് വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തികിന്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കുന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സംഭാഷണത്തിനിടെ ശ്രുതി പറയുന്നത്. എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തികിന്റെ അമ്മ നിര്‍ബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിച്ചു. മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്.
ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)