വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
കാനാമ്പുഴ പദ്ധതി ഒന്നാം ഘട്ടം പൂർത്തീകരിച്ചു; ജനകീയ അതിജീവനത്തിന്റെ മാതൃക

ഹരിതകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയായ കണ്ണൂരിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. കണ്ണൂർ മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാനായി രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ജലസേചന വകുപ്പ് ഇക്കാര്യം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള ഭാഗം
പൂർത്തീകരിച്ചു. 4.40 കോടി രൂപയുടെ പ്രവൃത്തിയിൽ, പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയുക, കരിങ്കൽ കൊണ്ട് പാർശ്വഭിത്തി നിർമ്മിക്കുക, പാടശേഖരങ്ങളിലേക്കുള്ള ജലസേചനാവശ്യാർത്ഥം സ്ലൂയിസുകൾ നിർമ്മിക്കുക, വിനോദ സഞ്ചാര ഉദ്ദേശത്തോടു കൂടി പുഴയുടെ ഇരുവശങ്ങളിലും നടപ്പാത/ബണ്ട് നിർമ്മിക്കുക, ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. പ്രവൃത്തി നടപ്പിലാക്കിയതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യം വർധിക്കുകയും കാർഷികാഭിവൃദ്ധി കൈവരിക്കുകയും ചെയ്തു. കൂടാതെ, കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടടുക്കുകയും, പൊതുജനങ്ങൾക്ക് കാൽനട യാത്രക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പാത നിർമ്മിക്കുകയും സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുളിക്കോം പാലം മുതൽ ബണ്ട് പാലം വരെയുള്ള രണ്ട് കോടി രൂപയുടെ കാനാമ്പുഴ പുനരുജ്ജീവന പ്രവൃത്തികളും പൂർത്തീകരിച്ചു. 1.80 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ മണ്ണ് സംരക്ഷണ വകുപ്പ് വഴി നടന്നു വരുന്നു.

രണ്ടാം ഘട്ടത്തിൽ രണ്ടാംഘട്ട റെയിൽവേ ലൈൻ മുതൽ കടലായി വരെയുള്ള ഭാഗത്തെ പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായ് സമർപ്പിക്കും. നാല് കോടി സർക്കാർ രണ്ട് ബജറ്റിലായി അനുവദിച്ചിട്ടുണ്ട്.
ഹരിതകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ മേഖലയിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന, സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതിയാണ് കാനാമ്പുഴ അതിജീവന പദ്ധതി. കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ അയ്യപ്പമലയിൽ നിന്നും ഉത്ഭവിച്ച് തോട്ടടയിൽ അഴിമുഖത്ത് (ആദികടലായി) അറബിക്കടലിൽ ചെന്ന് ചേരുന്ന കാനാമ്പുഴ, ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച് മൃതാവസ്ഥയിൽ ആയിരുന്നു. ഉത്ഭവസ്ഥാനത്ത് ഏകദേശം അഞ്ച് മീ വീതിയും കടലിലേക്ക് ചേരുന്ന ഭാഗത്ത് എത്തുമ്പോൾ 50 മീ വീതിയും ഉള്ള കാനാമ്പുഴ കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലസ്രോതസ്സാണ്. ഈ പുഴയുടെ വൃഷ്ടിപ്രദേശം ഏകദേശം 25 ചതുരശ്ര കിലോമീറ്ററാണ്.
മൊറാഴ, കതിരൂർ പി.എച്ച്.സികൾക്ക് എൻക്യുഎഎസ് അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മൊറാഴ പി.എച്ച്.സി മൊറാഴ 94.97% സ്‌കോറോടെ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരവും കതിരൂർ പി.എച്ച്.സി 93.52% സ്‌കോർ നേടി പുനരംഗീകാരവും കരസ്ഥമാക്കി.
സംസ്ഥാനത്ത് 11 ആശുപത്രികൾക്ക് കൂടി  എൻക്യുഎഎസ്  അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് സർട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 187 ആശുപത്രികൾ എൻക്യുഎഎസ്  അംഗീകാരവും 82 ആശുപത്രികൾ പുനരംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റെർ, 126 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
തിരുവനന്തപുരം പാറശ്ശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ലേബർ റൂം 95.92% സ്‌കോറും മറ്റേർണിറ്റി ഒ.ടി 95.92% സ്‌കോറും നേടിയാണ് ഈ അംഗീകാരം നേടിയത്.

മാതൃശിശു മരണ നിരക്ക് കുറയ്ക്കുക അതോടൊപ്പം തന്നെ ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചത്. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, ഇതുകൂടാതെ പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിൽ മെഡിക്കൽ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലാപ്ടോപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 20 നു മുൻപായി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.
കേരള/കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ/സർക്കാർ അംഗീകൃത കേരളത്തിലെ കോളേജുകളിൽ എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്റ് എഎച്ച്, ബിആർക്, എംആർക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി എംഎസ്, എംഡിഎസ്, എംവിഎസ്സി ആന്റ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകൾക്ക് (ബിആർക്, എംആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രസ് ജെഇഇ, ഗേറ്റ്,എൻ എ ടി എ  മുഖേനയും എംബിഎയ്ക്ക് സിഎടി, എംഎടി, കെഎംഎടി എന്നീ എൻട്രൻസുകൾ മുഖേനയും എംസിഎ യ്ക്ക് എൽ ബി എസ്സ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2024-25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച ക്ഷേമ നിധി അംഗകളായ തൊഴിലാളികളുടെ മക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 0497 2705182 .

ടൂറിസം നിക്ഷേപക സംഗമം 25 ന്

ജില്ലയിലെ ജലടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും സംരംഭകർക്ക് അവസരം ലഭ്യമാക്കി ജില്ലയിലെ ടൂറിസം രംഗത്ത് അനുയോജ്യമായ നിക്ഷേപം നടത്തുന്നതിനുമുള്ള അവസരം നൽകി സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചു നദികളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ/ ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവ നടത്തിപ്പും പരിപാലനവും ചെയ്യുന്നതിന്  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിസം നിക്ഷേപക സംഗമം സെപ്റ്റംബർ 25ന് ഉച്ച രണ്ട് മണി മുതൽ അഞ്ചു മണി വരെ ജില്ലാപഞ്ചായത്ത് ഹാളിൽ  നടക്കും.
പെരുമ്പ (കവ്വായി കായൽ ), കുപ്പം,വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകൾ കേന്ദ്രീകരിച്ചു അനുയോജ്യമായ തീമുകളിലൂടെ ജല ടൂറിസത്തെ ലോകത്തിനു മുൻപാകെ സമഗ്രമായി അവതരിപ്പിക്കുകയാണ് നിക്ഷേപ സംഗമം ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാർ, ബോട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം ട്രേഡ് അസോസിയേഷനുകൾ, പുരവഞ്ചികളുടെ ഉടമസ്ഥർ, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റർമാർ, സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടങ്ങിയവർക്കും താൽപര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം. വിവിധ ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകൾ ചെയ്യാൻ കഴിയുന്ന പദ്ധതികൾ, നിബന്ധനകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തിൽ ലഭിക്കും. ഡിടിപിസിയുടെ ഉടമസ്ഥതയിൽ ഉള്ള എയർ കണ്ടീഷൻ ബോട്ടുകളുടെ അടക്കം നടത്തിപ്പ് വിവരങ്ങൾ സംഗമത്തിൽ ലഭ്യമാകും. പ്രവേശനം സൗജന്യമാണ്.

സീറ്റൊഴിവ്

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് അനിമേഷൻ  ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എവികെ നായർ റോഡ്, തലശ്ശേരി, ഫോൺ: 0490 2321888, 9400096100.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇരിട്ടി താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽഎ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 28 ന് മുമ്പ് സ്പെഷ്യൽ തഹസിൽദാർ എൽഎ കിൻഫ്ര-രണ്ട് ഓഫീസിൽ ബയോഡാറ്റാ സഹിതം സമർപ്പിക്കണം.

സീറ്റൊഴിവ്

കണ്ണൂർ ഗവ. ഐടിഐ യിൽ ഐഎംസിയുടെ കീഴിൽ നടത്തിവരുന്ന ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അവസാന തീയതി ഒക്ടോബർ അഞ്ച്. യോഗ്യത എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ. ഫോൺ: 9447311257 .

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഫോൺ: 8075161822 .

ഏകദിന ശിൽപശാല

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള ലീസ് ഔട്ട് ചെയ്തിട്ടുള്ള സെന്ററുകളിലെ കരാറുകാർക്കും ജീവനക്കാർക്കും നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് മാനേജർ സി പി ജയരാജ്, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ടി കെ സൂരജ്, കോഴിക്കോട് എസ്‌ഐഎച്ച്എം വി രജിത് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ കെ മുസ്തഫ, ഡി ടി പി  സി സെക്രെട്ടറി ജെ കെ ജിജേഷ് കുമാർ, ഡിടിപിസി മാനേജർ എ അരുൺ കൃഷ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ 2024-25 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ബോട്ടണി, സുവോളജി വകുപ്പുകളിലേക്ക് സ്പെസിമെൻ വാങ്ങിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഒമ്പത് അഞ്ച് മണി വരെ.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ് ഉച്ചക്ക് 12.30 വരെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *