വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

വിമുക്തഭട ബോധവത്കരണ സെമിനാർ

സൈനിക ക്ഷേമ വകുപ്പിന്റെ  നേതൃത്വത്തിൽ  ജില്ലയിലെ ഇരിട്ടി താലൂക്കിലെ എല്ലാ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടി ബോധവത്കരണ സെമിനാർ  സെപ്റ്റംബർ 26ന് ജവാൻ മുക്ക് (മാണി മുക്ക്), കാക്കയങ്ങാട് വിമുക്തഭട ഭവനിൽ രാവിലെ 10.30 മുതൽ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ :0497 2700069

ചിത്രരചനാ മത്സരം 25ന്

ശുചിത്വ – മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെയും വിദ്യാർഥികളിൽ ശുചിത്വശീലം വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം സെപ്റ്റംബർ 25 ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. ജില്ലാ തലത്തിൽ എൽ.പി/യു.പി,എച്ച് എസ്/ എച്ച് എസ് എസ് വിഭാഗങ്ങളിലായാണ് മത്സരം. നേരെത്തെ പേർ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മത്സര ദിവസം രാവിലെ 9.30ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പർ മത്സരവേദിയിൽ നൽകും. മത്സരസമയം ഒരു മണിക്കൂറാണ്.

സെമസ്റ്റർ പരീക്ഷ

ഐ എച്ച് ആർ ഡി നടത്തുന്ന പിജിഡിസിഎ (ഒന്നും രണ്ടും സെമസ്റ്റർ), പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് ഒഎ സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിസിഎ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയൻസ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) 2024 ഡിസംബർ മാസത്തിൽ നടത്തും. വിദ്യാർഥികൾക്ക്, പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ ഒക്ടോബർ നാല് വരെ പിഴ കൂടാതെയും, ഒക്ടോബർ 11 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ നവംബർ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾ ഐ എച്ച്ആർഡി വെബ്സൈറ്റിൽ www.ihrd.ac.in ലഭ്യമാകും.

സീറ്റൊഴിവ്

കണ്ണൂർ ഗവ.ഐടിഐ യിൽ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിൽ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ 25 ന് സ്പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷ സമർപ്പിച്ചവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 25 ന് രാവിലെ 9.30 ന് ഐടിഐ യിൽ ഹാജരാകണം. ഫോൺ: 9895265951

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ 19ന്

മാടായി ഗ്രാമപഞ്ചായത്തിലെ മാടായി വാർഡ് (സ്ത്രീ സംവരണം), കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോം വാർഡ് (പട്ടികവർഗ സംവരണം) എന്നിവയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ 19ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്‌ടോബർ അഞ്ച്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടികൾ സ്വീകരിച്ച് അപ്‌ഡേഷൻ പൂർത്തിയാക്കൽ ഒക്‌ടോബർ 18.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ഒക്‌ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിൻറൗട്ട് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഇആർഒ. കരട് പട്ടിക അതത് തദ്ദേശ സ്ഥാപനത്തിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
ഇത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സെറീന എ റഹ്മാൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഇ എൻ രാജു, വരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.

അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ

കണ്ണൂർ ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്‌പെൻസറിയിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 10ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ മെഡിക്കൽ സർവ്വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ. വിലാസം: ഒന്നാം നില, സായ്ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രം റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം. പ്രതിമാസം 57,525 രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഡോക്ടർമാർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും പകർപ്പും സഹിതം നേരിട്ട് ഹാജരാവുക. ഫോൺ: 0495 2322339.

സെൻട്രൽ ജയിലിൽ ലേലം

കണ്ണൂർ സെൻട്രൽ ജയിൽ ഡയറി ഫാമിലെ ഒരു വയസ്സിൽ കൂടുതൽ പ്രായമുള്ള ആറ് കാളക്കുട്ടൻമാരെയും പാൽ ഉൽപ്പാദനം കുറഞ്ഞ ഏഴ് പശുക്കളെയും കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04972 746141, 2747180

ദ്വിദിന പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 27, 28 തീയതികളിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളർത്തലിൽ ദ്വിദിന പരിശീലനം നൽകുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് സെപ്റ്റംബർ 26ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. ഫോൺ: 04972-763473.

സ്‌പോട്ട്  അഡ്മിഷൻ

നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി ഐ എഫ് ഡി) 2024-25 അധ്യയന വർഷം ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 26ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം സൂപ്രണ്ട് മുമ്പാകെ 10 മണിക്ക് ഹാജരാവുക. ഫോൺ: 9400006495, 04972871789.

വാച്ച്മാൻ നിയമനം

കണ്ണൂർ ആർടിഒയുടെ കീഴിലുള്ള  തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാന്റെ ഒഴിവിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം  സെപ്റ്റംബർ 28ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:0497 2700069

കരാർ നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയുടെ ഐ സി എം ആർ റിസർച്ചിലേക്ക് പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിന് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പരാതി പരിഹാര അദാലത്ത്

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ, പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി സെപ്റ്റംബർ 25ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചു വരെ  ജില്ലയിൽ പരാതി പരിഹാര അദാലത്ത് കളക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ നടത്തും.

ബാലസദസ്സിനായ് ഒരുക്കങ്ങൾ തുടങ്ങി കുടുംബശ്രീ

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ബാലസഭ അംഗങ്ങളെ പങ്കെടുപ്പിച്ച് കുടുംബശ്രീ ബാലസദസ്സ് സംഘടിപ്പിക്കും. ജില്ലയിലെ 1543 വാർഡുകളിൽ പ്രകൃതി സൗഹാർദമായ സ്ഥലത്ത് ഉച്ചക്ക് രണ്ടു മണി മുതൽ അഞ്ചു വരെ കുട്ടികൾ ഒത്തുചേരും. കുട്ടികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ  ബാലസഭ റിസോഴ്‌സ് പേഴ്‌സൺമാരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളായി തിരിച്ച് റിപ്പോർട്ട് തയ്യാറാക്കി ഒക്ടോബർ 10ന് മുമ്പായി അതാത് സി ഡി എസ് ഓഫീസിൽ സമർപ്പിക്കും. തുടർന്ന് റിപ്പോർട്ടുകൾ ബാലപഞ്ചായത്തിലും ബാല നഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപന തലത്തിൽ പരിഹാരം കണ്ടെത്തും. അല്ലാത്തവ ബാല പാർലിമെന്റിൽ അവതരിപ്പിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. വിവിധ കലാപരിപാടികളുടെ സമ്മാനദാനവും നടക്കും.
ബാലസദസ്സിന് മുന്നോടിയായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ സ്റ്റാറ്റസ് പോസ്റ്റ് മത്സരം, റീൽസ് മത്സരം, പ്രളയം, മാലിന്യപ്രശ്‌നം, പരിസ്ഥിതിയും ആരോഗ്യവും എന്നീ വിഷയങ്ങളിൽ പോസ്റ്റർ രചന മത്സരം എന്നിവയും നടക്കും.
സദസ്സിന്റെ ഭാഗമായി സെപ്റ്റംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടികളിൽ കുട്ടികൾ അവരുടെ പ്രദേശത്തോ അവർ ഇടപെടുന്ന മേഖലകളിലോ കണ്ടെത്തുന്ന സാമൂഹിക പ്രശ്‌നങ്ങളെ ചോദ്യങ്ങളായോ നിർദേശങ്ങളായോ പെട്ടിയിൽ നിക്ഷേപിക്കാം. ഇത് സിഡിഎസ് മുഖേന ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കും.

കണ്ണൂർ ഗവ. ഐടിഐ കോഴ്സുകൾ

കണ്ണൂർ ഗവ.ഐടിഐ യും ഐഎംസി യും സംയുക്തമായി നടത്തുന്ന വെൽഡർ ടി ഐ ജി ആൻഡ് എം ഐ ജി മൂന്ന്  മാസ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7560865447
കണ്ണൂർ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക് കോഴ്‌സിലേക്ക് എസ്എസ് എൽസി, പ്ലസ്ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705
കണ്ണൂർ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിഗ്രി, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ:8301098705

പിഎസ്‌സി അഭിമുഖം

കണ്ണൂർ ജില്ലയിൽ  വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (നാലാമത് എൻസിഎ-എസ്സി) (കാറ്റഗറി നമ്പർ: 755/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കാസർകോട് ജില്ലാ ഓഫീസിലും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ്(ആറാമത് എൻസിഎ-എസ്സി) (കാറ്റഗറി നമ്പർ: 489/2023) തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം പിഎസ്‌സി മലപ്പുറം ജില്ലാ ആഫീസിലും ഒക്ടോബർ മൂന്നിന് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്.  ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രൊഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ ഡൗൺ ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രൊഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700482

റാങ്ക് പട്ടിക റദ്ദ് ചെയ്തു

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ-എൻസിഎ-എസ്ടി) (കാറ്റഗറി നമ്പർ: 229/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 ജൂലൈ ഒന്നിന് നിലവിൽ വന്ന 368/2019/എസ്എസ്വി നമ്പർ റാങ്ക് പട്ടിക, 2014 നവംബർ 17ന് പ്രസിദ്ധീകരിച്ച മാതൃ റാങ്ക് പട്ടികയുടെ (കാറ്റഗറി നമ്പർ: 462/2012) പട്ടികവർഗ എൻസിഎ ഊഴത്തിൽ ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2019 ഒക്ടോബർ ഒന്ന് അർധരാത്രി പ്രാബല്യത്തിൽ റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിച്ചു.

കരാർ നിയമനം

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ കരിയർ ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് (സിജിപിയു), ഫുൾ ടൈം അസിസ്റ്റന്റായി ജോലിചെയ്യുന്നതിനായി പരിചയ സമ്പന്നരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം. യോഗ്യത: അംഗീകൃത ഡിഗ്രി/ഡിപ്ലോമ, അക്കൗണ്ടൻസി, എംഎസ് വേർഡ്, എംഎസ് എക്സൽ, ലെറ്റർ ഡ്രാഫ്റ്റിങ്, ബുക്ക്കീപിങ്, സ്പോക്കൺ ആൻഡ് വെർബൽ ഇംഗ്ലീഷ് എന്നിവയിലുള്ള കഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04972780226

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റിലെ ഇഇഇ ലാബിലേക്ക് മൈക്രോ കൺട്രോളർ ബേസിഡ് കൺഡക്ടിവിറ്റി -ടിഡിഎസ് മീറ്റർ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല് ഉച്ചക്ക് 12.30 വരെ.

ടെൻഡർ

ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിൻ കീഴിലെ 124 അങ്കണവാടിക്കും ഒരു മിനി  അങ്കണവാടിക്കും 2023-2024 വർഷത്തേക്ക് ഇരിട്ടി ബ്‌ളോക്ക്തല പ്രോക്വയർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ 16 ഇനം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. ഫോൺ 04902490203

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ ഇ ഇ ഇ ലാബിലേക്ക് ടർബിഡിറ്റി മീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ നാല് ഉച്ചക്ക് 12.30 വരെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *