കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
മൂല്യനിർണയ ക്യാമ്പ്
കണ്ണൂർ സർവകലാശാലയുടെ, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റിവച്ച, രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം സെപ്റ്റംബർ 24 നു വിവിധ കേന്ദ്രങ്ങളിൽ പുനരാരംഭിക്കും. മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട എല്ലാ അധ്യാപകരും ക്യാമ്പിൽ ഹാജരായി മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാകേണ്ടതാണ്. NACC പീർ ടീം സന്ദർശനം പ്രമാണിച്ചു കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ മൂല്യനിർണയ ക്യാമ്പ് സെപ്റ്റംബർ 27 നാണ് ആരംഭിക്കുക. പി.ജി പ്രോഗ്രാമുകളുടെ മൂല്യനിർണയം യു.ജി കോഴ്സുകളുടെ തുടർച്ചയായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിലും നടക്കുന്നതാണ്.
മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടം നേടി ഡോ. കെ. പി. സന്തോഷ്
കണ്ണൂർ സർവകലാശാല ഫിസിക് വിഭാഗം മുൻ പ്രൊഫസറും വകുപ്പ് തലവനും ആയിരുന്ന ഡോ.കെ.പി.സന്തോഷ് അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും എൽസെവിയറും പ്രസിദ്ധികരിച്ച 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മൂന്നാം തവണയും ഇടം നേടി. ഗവേഷണ മികവ്, പ്രസിദ്ധികരിച്ച പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, സൈറ്റേഷൻ, എച്ച് ഇൻഡക്സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കുന്നത്.
അന്തർദേശിയ തലത്തിൽ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ ഡോ.കെ.പി. സന്തോഷ് വിവിധ അന്തർദേശിയ ജേർണലുകളിൽ 150 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിക്കുകയും, വിവിധ ദേശീയ അന്തർദേശിയ സെമിനാറുകളിൽ 100 ൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആണവ ശാസ്ത്ര മേഖലയിലെ വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിനായി 10 ന്യൂക്ലീയർ മോഡലുകളും സെമി എംപിരിക്കൽ സൂത്രവാക്യങ്ങളും ആവിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഭാഭാ അറ്റോമിക് റിസർച്ച് സെൻറ്റർ മുംബൈ, ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വർ, പഞ്ചാബ് സർവകലാശാല എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ക്ഷണിക്കപ്പെട്ട പ്രഭാഷകനായിരുന്നു.
യു.ജി.സി യുടെയും ധനസഹായത്തോടെ ഡോ. കെ.പി.സന്തോഷ് മുന്ന് ഗവേഷണ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. കനേഡിയൻ ജേർണൽ ഓഫ് ഫിസിക് 2019ലും, ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്സ് പബ്ലിഷിംഗ്, ബ്രിട്ടൻ, 2020, 2021 വർഷങ്ങളിലും മികച്ച റിവ്യൂവർക്കുള്ള അവാർഡ് ഇദ്ദേഹത്തിന് നൽകുകയുണ്ടായി. ജർമനിയിലെ യൂറോപ്യൻ ഇവാലുവേഷൻ സെൻറ്റർ 2024 ൽ തയ്യാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലും ഡോ കെ.പി. സന്തോഷ് ഇടം പിടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 13 വിദ്യാർത്ഥികൾ പി.എച്.ഡി. ഗവേഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ നടുവട്ടം സ്വദേശിയാണ് ഡോ. കെ. പി. സന്തോഷ്.