സർക്കാർ ഇരയ്ക്കൊപ്പം, വേട്ടക്കാരനൊപ്പമല്ല: സജി ചെറിയാൻ
സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് രഞ്ജിത്തിന്റെ രാജി. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്’, സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.