അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ബംഗളൂരു സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചു. ബസവരാജ ബൊമ്മെ നേതൃത്വം നൽകിയ കഴിഞ്ഞ ബിജെപി സർക്കാരിനെ 40% കമ്മീഷൻ സർക്കാർ എന്ന് വിശേഷിപ്പിച്ചതിനായിരുന്നു കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

‘ പേ സി.എം ‘ എന്ന പേരിലായിരുന്നു കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ ക്യാമ്പയിൻ. ബസവരാജ ബൊമ്മെ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ 40% കമ്മീഷൻ വാങ്ങുന്നുവെന്നായിരുന്നു ആരോപണം. പൊതുവേദിയിലും, പത്ര, നവ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കേശവ് പ്രസാദ് കോടതിയെ സമീപിച്ചത്. കേസിൽ രാഹുൽ ഗാന്ധിയും, സിദ്ധരാമയ്യും, ഡി.കെ ശിവകുമാറും ഉൾപ്പടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളായി.

ഈ മാസം ഒന്നിന് കേസ് പരിഗണിച്ചപ്പോൾ സിദ്ധരാമയ്യക്കും, ഡി.കെ ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് ഹാജരാകാതിരുന്ന രാഹുലിന് കോടതി സമൻസ് അയക്കുകയായിരുന്നു. കോടതിയിലെത്തിയ രാഹുൽ ഗാന്ധിയെ മുദ്രാവാക്യം വിളികളോടെയാണ് കോൺഗ്രസ്‌ പ്രവർത്തകർ സ്വീകരിച്ചത്.

കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. കോടതി നടപടികൾക്ക് ശേഷം കർണാടകയിലെ നിയുക്ത എം.പിമാർ, തോറ്റ സ്ഥാനാർഥികൾ എന്നിവരുമായി രാഹുൽ കൂടികാഴ്ച നടത്തി.

About The Author