കലൂരിലെ നൃത്തപരിപാടി; വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് പോലീസ്, ദിവ്യ ഉണ്ണിയുടെ സുഹൃത്തും പ്രതി

0

കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4 ), 318 (3), 318 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

മൃദംഗ വിഷന്റെ എം ഡിയായ നിഗോഷ് കുമാർ, സിഇഒ ആയ ഷമീർ അബ്​ദുൾ വഹീം, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവരുട പേരും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ അമേരിക്കൻ പൗരത്വമുളള വ്യക്തിയാണ്. ഒന്ന് മുതൽ അഞ്ചു വരെയുളള പ്രതികൾക്ക് നർത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. 2000 രൂപ കൊടുത്താൽ ​ഗിന്നസ് ബുക്കിൽ ഇടം നേടാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയെന്നും 1600 രൂപ വെറെയും കൈപ്പറ്റിയതായും എഫ്ഐആറിൽ പറയുന്നു. 12000 ത്തോളം പേരുടെ അടുത്ത് നിന്ന് ഭീമമായ തുക വാങ്ങിയെന്നും എഫ്ഐആറിലുണ്ട്.

പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിൽ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് വാങ്ങിയത് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം.

കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയതായി ആരോപണമുണ്ട്. പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ചും സംഘാടകർക്ക് കോർപറേഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയിൽ കോർപറേഷൻ നൽകുന്ന പിപിആർ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് എടുക്കാതെയാണ് ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചാണ് സംഘാടകർ പരിപാടി നടത്തിയത്. ഇതിന് വിശദീകരണം നൽകണമെന്ന് റവന്യൂ വിഭാഗം നൽകിയ നോട്ടീസിൽ പറയുന്നു. ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച് വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *