കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികൾ പുഴയില്‍ മുങ്ങിമരിച്ചു

0

കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം. 3 കുട്ടികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്‍റെ മകൻ റിയാസ്, അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്‍റെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. തെരച്ചിലിൽ റിയാസിനെ കണ്ടെത്തി രക്ഷിച്ചെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മദ്ധ്യേ മരിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളും ബന്ധുക്കളാണ്. 12 മണിയോടെയാണ്‌ അപകടം നടന്നത്.

സിദ്ദീഖും അഷ്‌റഫും സഹോദരൻമാരാണ്. ഇവരുടെ ബന്ധുവിന്‍റെ മകനാണ് സമദ്. തറവാട് വീട്ടിൽ എത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. റിയാസ് ആശുപത്രിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്.

മുങ്ങൽ വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ അഷ്റഫിന്റെ മകൻ യാസിന്‍റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള വിശദമായ തെരച്ചിലിൽ മൂന്നാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികൾക്ക് നീന്തൽ അറിയാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *