‘സനാതന ധർമ്മത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാൻ ചിലർ ശ്രമിക്കുന്നു, അവരെ ചെറുത്ത് തോൽപ്പിക്കണം’; മുഖ്യമന്ത്രി

0

ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ പ്രയോക്താവായി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ സനാതന ധര്‍മ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയ പ്രസ്ഥാനങ്ങളില്‍ കടന്നുകയറാനുളള സംഘപരിവാര്‍ ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന ആഹ്വാനമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ കാതല്‍. എന്നാല്‍ പ്രസംഗത്തില്‍ ഒരിടത്തും ബിജെപിയെന്നോ സംഘപരിവാര്‍ എന്നോ പറഞ്ഞില്ല. ചാതുര്‍ വര്‍ണ്യ രാഷ്ട്രീയം പിന്തുടരുന്നവരാണ് ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവാക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാവരും സാഹോദര്യത്തോടെ ജീവിക്കുന്ന സ്ഥലമായാണ് ശ്രീനാരായണ ഗുരു കേരളത്തെ കണ്ടത്. അതിന് വിഘാതമായ കാര്യങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശത്തെ പിന്തുണച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ചില ക്ഷേത്രങ്ങളിലും ഉടുപ്പ് ധരിച്ച് കയറുന്നതിന് വിലക്കുണ്ടെന്നും ഇത് ഗുരു പറഞ്ഞതിന് എതിരാണെന്നുമായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞത്.

ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ചില ക്ഷേത്രങ്ങളിലും ഉടുപ്പ് ധരിച്ച് കയറുന്നതിന് വിലക്കുണ്ട്. അത് അവസാനിപ്പിച്ചേ തീരു. ഇത് ഗുരു പറഞ്ഞതിന് വിരുദ്ധമാണ്. ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ ക്ഷേത്രങ്ങളില്‍ എന്തായാലും അത് പാടില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി അത് ശ്രദ്ധിക്കമെന്ന് കരുതുന്നു. പണ്ട് കാലത്ത് പൂണൂലുണ്ടോ എന്ന് അറിയാനാണ് ഉടുപ്പ് ഊരാന്‍ പറഞ്ഞത് – ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എന്നാല്‍, ഗുരുവിനെ സനാതനധര്‍മത്തിന്റെവക്താവായി മാറ്റുന്‍ ശ്രമിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കാത്ത പ്രതികരണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ഉണ്ടായി. ഗുരുവിനെ ആരാധിക്കുന്നതിന് എതിരായ വിമര്‍ശനങ്ങള്‍ പരാമര്‍ശിക്കുമ്പോഴാണ് വെള്ളാപ്പള്ളി സനാതന ധര്‍മ്മം പരാമര്‍ശിച്ചത്. മന്ത്രി വി.എന്‍. വാസവന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *