അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു സുന്ദർ അറസ്റ്റിൽ

0

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി

ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മനസ്സിലാക്കുന്നത്. ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.

About The Author

Leave a Reply

Your email address will not be published. Required fields are marked *