കേരളത്തിൽ മൂന്ന് വർഷം കൊണ്ട് കിൻഫ്ര പാർക്കുകളിൽ 2283 കോടിയുടെ നിക്ഷേപം വന്നു:  മന്ത്രി പി രാജീവ്

0

കിൻഫ്ര പാർക്കുകളിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 2283 കോടി രൂപയുടെ നിക്ഷേപം വന്നതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി  പി രാജീവ് പറഞ്ഞു. മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പുതുതായി നിർമ്മിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ് ഡിഎഫ്) കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

എസ്ഡിഎഫിലെ 75 ശതമാനം സ്ഥലവും സംരംഭകർക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. ബാക്കി രണ്ട് മാസം കൊണ്ട് അനുവദിക്കും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആവശ്യമായ വിഭവ ശേഷി ഉണ്ടോ എന്ന് പരിശോധിച്ച് നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കാൻ കഴിയും. ഫുഡ് പാർക്ക്, സ്വകാര്യ പങ്കാളിത്തത്തോടെ ഹോട്ടൽ സമുച്ചയം എന്നിവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയിൽ  വ്യവസായ പാർക്കുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഒരു വർഷം കൊണ്ട് 30 എണ്ണത്തിനാണ് അനുമതി നൽകിയത്. അടുത്തതായി ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വരും. നമ്മുടെ ചെറുപ്പക്കാർക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാൻ കഴിയണം. വലിയ കെമിക്കൽ ഫാക്ടറികൾ, മാനുഫാക്ചറിങ് ഫാക്ടറികൾ എന്നിവയൊന്നും കേരളത്തിൽ സാധ്യമാവില്ല. ഇത്തരം ഫാക്ടറികളിൽ ജോലി ചെയ്യുക മിക്കവാറും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തൊഴിലാളികൾ ആയിരിക്കും. എന്നാൽ ഐടി മേഖലയിലും നോളജ് ഇൻഡസ്ട്രി മേഖലയിലും പുതിയ വ്യവസായ മേഖലകളിലും എല്ലാം കേരളത്തിലെ ചെറുപ്പക്കാർ തന്നെയാവും ജോലി ചെയ്യുക.


എംഎസ്എംഇകൾക്കായി മിഷൻ 1000 എന്ന ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. ആയിരം എംഎസ്എംഇകളെ ശരാശരി 100 കോടി ടേൺ ഓവർ ഉള്ള കമ്പനികൾ ആക്കി മാറ്റുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിൽ 215 കമ്പനികളുടെ അപേക്ഷകൾ അംഗീകരിച്ച് വർക്കിംഗ് ക്യാപിറ്റൽ നൽകിയതായും മന്ത്രി പറഞ്ഞു.

കെകെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വികെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം രതീഷ്, മട്ടന്നൂർ നഗരസഭ കൗൺസിലർ കെ അനിത, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ഉഷ പാറക്കണ്ടി, സംസ്ഥാന കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ വി ചന്ദ്രബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.

മൂന്നു നിലകളിലായി 48,000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന എസ് ഡിഎഫ് കെട്ടിടത്തിൽ വ്യവസായ സംരംഭകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ 250 കെ വി ട്രാൻസ്‌ഫോർമറുകൾ, അഗ്‌നിരക്ഷാ ഉപകരണങ്ങൾ, ലിഫ്റ്റുകൾ, ജനററ്റേറുകൾ, ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *