വനമേഖലയിലെ കര്‍ഷകരുടെ താല്‍പര്യത്തിനു മുന്‍ഗണന: മന്ത്രി എ.കെ ശശീന്ദ്രന്‍
വനമേഖലയിലെ കര്‍ഷകരുടെ താല്പര്യത്തിന് മുന്‍ഗണന നല്‍കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വനം വന്യജീവി വകുപ്പ് കണ്ണൂര്‍ ഡിവിഷനില്‍ പൂര്‍ത്തീകരിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഓഫീസ് കെട്ടിടത്തിന്റെയും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ആറളം ഫാമില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
മനുഷ്യരേയും കാടിനെയും സംരക്ഷിക്കുന്ന സമവായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയില്‍ വനം വന്യജീവി സംരക്ഷണവും ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഒറ്റക്കെട്ടായി നിന്ന് ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ വനം വാച്ചര്‍മാരെ ഉപയോഗിച്ച് നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് കയറ്റിവിടാനും പരിക്ക് പറ്റിയ വന്യജീവികളെ പുനരധിവസിപ്പിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ വനവികസന ഏജന്‍സിയുടെ കീഴില്‍ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു. 2026 പൂര്‍ത്തിയാകുമ്പോഴേക്കും സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം പൂജ്യമാക്കി മാറ്റാന്‍ കഴിയണം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് ആറളം മേഖലയിലെ ആദിവാസികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി ആരംഭിച്ച സ്നേഹഹസ്തം മെഡിക്കല്‍ ക്യാമ്പിന്റെ എണ്ണം 500 ആയി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 129.80 ലക്ഷം രൂപ വക യിരുത്തി അയ്യങ്കുന്ന്, കൊട്ടിയൂര്‍, ആറളം, കേളകം, ഉദയഗിരി പഞ്ചായത്തുകളില്‍ 15.8 കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ തൂക്കു വേലി നിര്‍മ്മിക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഉളിക്കല്‍ പഞ്ചായത്തില്‍ 42.58 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുപാലം നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചു വരികയാണ്. ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അയ്യങ്കുന്ന് പഞ്ചായത്തില്‍ 177.13 ലക്ഷം രൂപ ചെലവഴിച്ച് 20.5 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കാനുള്ള പ്രവൃത്തി പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനെ ഏല്‍പ്പിച്ചതായും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആര്‍ ആര്‍ പി യുടെയും ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ സ്റ്റാഫിനെ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പ്രത്യേക ദൗത്യസേനയുടെയും സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയിലെ സാധാരണക്കാരുടെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് ഉപകരിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വന്യമൃഗശല്യം രൂക്ഷമായ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളായ നാല്,ഏഴ് വാര്‍ഡുകളിലെ കാര്‍ഷിക മേഖല ആശ്രയിച്ചു കഴിയുന്നവര്‍ക്ക് വളരെയേറെ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.
ആറളം ഫാം ബ്ലോക്ക് 13 ല്‍ നടന്ന പരിപാടിയില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ഉത്തര മേഖല കണ്ണൂര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ് ദീപ, കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് വൈശാഖ്, ജന പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു.