തളിപ്പറമ്പ് മണ്ഡലത്തിലെ വികസന പദ്ധതികൾ അവലോകനം ചെയ്തു

0

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ നിർവഹണ പുരോഗതി എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടൻ അരുൺ കെ വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം.ചൊർക്കള-ബാവുപറമ്പ-മയ്യിൽ-കൊളോളം റോഡിന്റെ ടെണ്ടർ നടപടികൾ ഡിസംബറിൽ പൂർത്തീകരിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നഷ്ടപരിഹാരം നൽകേണ്ട വൃക്ഷങ്ങളുടെയും മരങ്ങളുടെയും മൂല്യനിർണയം താമസം കൂടാതെ പൂർത്തിയാക്കാൻ കൃഷി, സോഷ്യൽ ഫോറസ്ട്രി വകുപ്പുകളോട് നിർദേശിച്ചു. ഭൂമി സംബന്ധിച്ച വിശദമായ മൂല്യനിർണയ റിപ്പോർട്ട് റവന്യൂ വകുപ്പും തയ്യാറാക്കണം.

ദേശീയപാത പ്രവൃത്തിയിൽ പുളിമ്പറമ്പ് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ളവ നിർമിക്കുന്നതിന് പരിശോധന നടത്തണം. ധർമ്മശാല റോഡ് വീതി കൂട്ടുന്നതിനുള്ള സാധ്യത സംബന്ധിച്ച് പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ സ്പെഷ്യൽ തഹസിൽദാർക്ക് എംഎൽഎ നിർദേശം നൽകി.

ഐഎച്ച്ആർഡി കോളേജ്, സിമെറ്റ് നഴ്സിംഗ് കോളേജ്, ധർമ്മശാല തിയറ്റർ എന്നീ സ്ഥാപനങ്ങൾക്കായി കണ്ടെത്തിയ ഭൂമിയുടെ കൈമാറ്റ നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കണം. ഇത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച യോഗം ചേരും.

കൊടിലേരി പാലം പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഡിസംബറോടെ പൂർത്തിയാക്കാൻ നിർദേശിച്ചു. ഫണ്ടിനുള്ള അപേക്ഷ ഒരാഴ്ചക്കുള്ളിൽ സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മലബാർ റിവർ ക്രൂയിസ് പ്രോജക്ടിലെ പറശ്ശിനിക്കടവ്, മലപ്പട്ടം ഭാഗത്തെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ചു. നിലവിൽ ടൂറിസം വകുപ്പ് ഡിടിപിസിയെ ഏൽപ്പിച്ച ബോട്ട് ടെർമിനലുകൾ, വെള്ളിക്കീൽ ടൂറിസം സെന്റർ തുടങ്ങിയവ തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറുന്നതിന് നടപടികൾ സ്വീകരിക്കണം. വെള്ളിക്കീൽ ഡിടിപിസി സെന്ററിലെ ലൈറ്റുകൾ നവീകരിക്കുന്നതിന് ടെണ്ടർ ക്ഷണിക്കുന്ന കാര്യം പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *