കല്ലൂരിക്കടവ് പാലം നിർമ്മാണം: പരിഷ്‌ക്കരിച്ച ഡിപിആർ ലഭിച്ചാലുടൻ തുടർനടപടികൾ-മന്ത്രി മുഹമ്മദ് റിയാസ്

0

അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം നിർമ്മാണത്തിന്റെ പരിഷ്‌ക്കരിച്ച ഡിപിആർ ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കെ വി സുമേഷ് എംഎൽഎ നൽകിയ സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.  പാലം നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി നൽകിയിരുന്നതായി മന്ത്രി പറഞ്ഞു. പാലത്തിന് 34.8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് നൽകിയിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ അലൈൻമെൻറിൽ കിഫ്ബിയും എംഎൽഎയും ചില മാറ്റങ്ങൾ നിർദേശിച്ചതനുസരിച്ച് അപ്രോച്ച് റോഡിന് 16.11 കോടി രൂപയുടെ പുതുക്കിയ ഡിപിആർ സമർപ്പിച്ചു. പുതുക്കിയ ഷെഡ്യൂൾ ഓഫ് റേറ്റ്‌സ് പ്രകാരം രണ്ട് ഡിസൈനുകളും ഏകോപിപ്പിച്ച് പരിഷ്‌ക്കരിക്കാൻ ഡിസൈൻ വിംഗിന് നിർദേശം  നൽകിയിട്ടുണ്ട്. ഡിസൈൻ സമയബന്ധിതമായി സമർപ്പിക്കാൻ ഡിസൈൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

വളപട്ടണം പുഴയുടെ ഇരുകരകളിലെ രണ്ട് ദേശങ്ങളെ ബന്ധിപ്പിക്കാനുള്ള കല്ലൂരിക്കടവ് പാലം നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പാലവും അപ്രോച്ച് റോഡും യാഥാർഥ്യമാകുന്നതോടെ പുതിയതെരുവിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും കുറയും. റോഡും പാലവും നിർമ്മിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥ സംഘം കല്ലൂരിക്കടവ് പാലവും റോഡും കടന്നുപോകുന്ന പ്രദേശവും സന്ദർശിച്ചിരുന്നു. കല്ലൂരിക്കടവ് പാലം, അപ്രോച്ച് റോഡ് എന്നിവ നേരത്തെ പാസായതാണെങ്കിലും നടപടികളൊന്നും നടന്നിരുന്നില്ല. കെ വി സുമേഷ് എംഎൽഎ നടത്തിയ ഇടപെടലുകളാണ്  പദ്ധതിക്ക് വീണ്ടും ജീവൻ വെപ്പിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *