സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യാ മുന്നണി നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂര്‍, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് അറിയിച്ചു.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.

About The Author