അശ്വമേധം 6.0 കുഷ്ഠരോഗ നിർമാർജ്ജന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

0

ദേശീയ കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായി കുഷ്ഠരോഗ നിർണയത്തിനുള്ള അശ്വമേധം 6.0 ഭവന സന്ദർശന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഡിപിസി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്‌നകുമാരി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ പോസ്റ്റർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് നൽകി പ്രസിഡന്റ് പ്രകാശനം ചെയ്തു. അഡ്വ ബിനോയ് കുര്യൻ കുഷ്ഠരോഗ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിൻ.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വോളന്റിയർമാർ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം. 14 ദിവസത്തിനുള്ളിൽ 29,03787 പേരുടെ പരിശോധന പൂർത്തിയാക്കും. 6,83,909 ഭവനങ്ങൾ സന്ദർശിച്ച് ഫ്‌ളാഷ് കാർഡുകളുടെ സഹായത്തോടെ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തും. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലെ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിക്കും.

തൊലിപ്പുറത്തു കാണുന്ന സ്പർശന ശേഷി കുറഞ്ഞതോ ഇല്ലാത്തതോ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ ഉള്ളവർ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുഷ്ഠ രോഗ ചികിത്സ സൗജന്യമാണ്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം പൂർണമായും ഭേദമാക്കാനും വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കും. കുട്ടികളിൽ രോഗം സ്ഥിരീകരിക്കുന്നത് ജനങ്ങളിൽ ഇനിയും കണ്ടെത്താത്ത കുഷ്ഠരോഗം ഉണ്ട് എന്നതിന് തെളിവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യാമ്പയിൻ കാലയളവിൽ ഇത്തരത്തിലുള്ള എല്ലാ രോഗസാധ്യതകളും കണ്ടെത്തി ചികിത്സ ഉറപ്പാകുന്നതിനു വേണ്ട നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചു വരുന്നത്.
അശ്വമേധം സെൽഫി പോയിന്റിൽ നിന്ന് വിവിധ ജനപ്രതിനിധികൾ ഫോട്ടോ എടുത്ത് പ്രചാരണത്തിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഗീത, കെ. താഹിറ, ഇ. വിജയൻ മാസ്റ്റർ, ലിസി ജോസഫ്, എൻ.പി ശ്രീധരൻ, കെ.വി ഗോവിന്ദൻ, ശ്രീന പ്രമോദ്, മുൻ മേയർ ടി.ഒ മോഹനൻ, വിവിധ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത്, ആരോഗ്യവകുപ്പ് ജില്ലാ എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ വി എ ഷബീർ, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വൺ അബ്ദുൽ ജമാൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *