ജീവനക്കാരുടെ ഒഴിവുകൾ പദ്ധതി പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു: മേയർ
കോർപ്പറേഷനിലെ വിവിധ തസ്തികളിലുള ഒഴിവുകൾ കോർപ്പറേഷൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഒഴിവും സ്ഥലം മാറ്റവും മൂലം പദ്ധതി പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നതായും മേയർ അറിയിച്ചു. വാർഷിക പദ്ധതികളൊന്നും നടക്കുന്നില്ല എന്ന പ്രതിപക്ഷത്തിൻ്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ പകരം ആളെ വെക്കുന്നില്ല. വിടുതൽ ചെയ്യാതിരിക്കുമ്പോൾ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി വിടുതൽ വാങ്ങിക്കുന്നു. ഒഴിവ് നികത്തുന്നതിന് നിരന്തരം ആവശ്യപ്പെട്ടാൽ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങളിൽ ഒരു പരിചയവും ഇല്ലാത്ത പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ഇവരാകട്ടെ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിന് കാലതാമസമെടുക്കുന്നു. ആയത് കൊണ്ട് തന്നെ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരമാണ്. ഫയലുകളിൽ യഥാസമയം നടപടി സ്വീകരിക്കാൻ സാധിക്കുന്നില്ലെന്നും മേയർ കൂട്ടിച്ചേർത്തു. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് പദ്ധതിയിൽ പെടുത്തി കോർപ്പറേഷൻ പഴയ ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം,സൗത്ത് ബസാർ വ്യാപാരസമുച്ചയം, തുടങ്ങി പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കുന്നതിനും തീരുമാനമായി. ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അജണ്ട ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ച് അടുത്ത കൗൺസിലിൽ അവതരിപ്പിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യഷന്മാരായ പി.കെ രാഗേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി.ഒ. മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, കുക്കിരി രാജേഷ്,സാബിറ ടീച്ചർ, സുകന്യ ടീച്ചർ, ടി. രവിന്ദ്രൻ,കെ. പ്രദീപൻ, പി.പി. വത്സലൻ, വി.കെ ഷൈജു എന്നിവർ സംസാരിച്ചു.