നെന്മാറ ഇരട്ട കൊലപാതകം: എസ്.എച്ച്.ഓയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്

0

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ നെന്മാറ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ഇന്ന് രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ചു എന്നുള്ള കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഇരട്ടക്കൊലപാതകം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പ്രതിയെ സംബന്ധിച്ച് ഇനിയും വിവരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ അന്വേഷിക്കുമെന്നും എസ് പി വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *