ഹാൻഡ്ലൂം ഇലക്ട്രോണിക് ജക്കാർഡ് മെഷീൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി ഗാന്ധി കേന്ദ്രത്തിന് അനുവദിച്ച ഹാൻഡ്ലൂം ഇലക്ട്രോണിക് ജക്കാർഡ് മെഷീന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി അധ്യക്ഷനായി. ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രൊജക്റ്റ് ഓഫീസർ ഷോളി ദേവസ്യ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി ശോഭ, പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം മുബീന, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി ഷിബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ എന്നിവർ സംസാരിച്ചു.
‘ഖാദി പഴയ ഖാദിയല്ല ‘എന്ന മുദ്രാവാക്യം ഉയർത്തി ഖാദി മേഖലയെ നവീകരിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക്സ് ജക്കാർഡിന്റെ പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര ഗവ സ്ഥാപനമായ വിവേർസ് സർവ്വീസ് സെന്ററിന്റെ മാർഗനിർദേശത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് 480 ഹൂക്സ് കപ്പാസിറ്റിയുള്ള രണ്ട് ഇലക്ട്രോണിക്സ് ജക്കാർഡ് സ്ഥാപിച്ചത്. ഒരു തറിയിൽ സിൽക്ക് സാരിയും രണ്ടാമത്തെ തറിയിൽ കോട്ടൺ സാരിയും നിർമിക്കുന്നതിന് പരിശീലനം പൂർത്തിയായി വരികയാണ്. കൈത്തറിയിൽ ഇലക്ട്രോണിക്സ് ജക്കാർഡ് നിലവിലുണ്ടെങ്കിലും ഖാദി മേഖലയിൽ കേരളത്തിൽ തന്നെ ആദ്യമായാണ് ഇലക്ട്രോണിക്സ് ജക്കാർഡ് പ്രവർത്തിപ്പിക്കുന്നത്. ഗ്രാഫ് പേപ്പറിൽ ഡിസൈൻ വരച്ച്, കാർഡ് കട്ട് ചെയ്ത് തറികളിൽ സ്ഥാപിച്ചാണ് സാധാരണ ജക്കാർഡ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ സോഫ്റ്റ് വെയറിൽ ഡിസൈൻ തയ്യാറാക്കിയാണ് ഇലക്ട്രോണിക്സ് ജക്കാർഡ് പ്രവർത്തിക്കുന്നത്. ഇത് കാലാനുസൃതമായ ഡിസൈനുകൾ എളുപ്പത്തിൽ തയ്യാറാക്കുന്നതിന് സാധ്യമാക്കും. ഇലക്ട്രോണിക്സ് ജക്കാർഡ് സംവിധാനങ്ങൾ സംയോജിപ്പിച്ച് ഖാദി നെയ്ത്ത് നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.