കഠിനംകുളം ആതിരക്കൊലക്കേസ്; പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി
കഠിനംകുളം ആതിരക്കൊലക്കേസിൽ പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ തുടരുകയാണ്. ഇന്നലെയാണ് ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നും ഇയാൾ പിടിയിലായത്. 48 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. കഠിനംകുളം പൊലീസ് ആശുപത്രിയിൽ എത്തി ജോൺസൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.
ആതിരയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ എന്നയാളാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. പിന്നാലെയാണ് കോട്ടയം ചിങ്ങവനത്ത് നിന്ന് പ്രതി ജോൺസൺ പിടിയിലാകുന്നത്. വിഷവസ്തു എന്തോ ഇയാൾ കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
ചൊവ്വാഴ്ച രാവിലെയാണ് കായംകുളം സ്വദേശിയായ ആതിരയെ കഠിനംകുളത്തെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്റെ കൂടെ വരണം എന്ന പ്രതിയുടെ ആവശ്യം നിരസിച്ചതോടെയാണ് ആതിരയെ കൊലപ്പെടുത്തിയത്. ആതിരയുടെ വീട്ടിലെത്തി കൊല നടത്തിയ ശേഷം സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. കൃത്യം നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറ യിലെ വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി പിടിയിലായത്.