ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

0

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി. സിയാറ്റിലെ ഫെഡറൽ ജഡ്ജ് ആണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. നഗ്നമായ ഭരണഘടാന ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ജോൺ കോഗ്നോറിന്റെ നടപടി.

ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്റ്റേ ചെയ്തത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ അടക്കം നിരവധി വിദേശികളെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഡോണൾഡ് ട്രംപിന്റെ ഉത്തരവ്.

1868-ലെ 14-ാം ഭേദഗതി പ്രകാരം യുഎസിന്റെ അധികാരപരിധിയിൽ ജനിക്കുന്ന ആർക്കും സ്വാഭാവിക പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാർക്കും സന്ദർശക വീസയിലോ വിദ്യാർഥി വീസയിലോ ഉള്ളവർക്കും യുഎസിൽ വെച്ച് ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കാൻ സഹായിച്ചിരുന്ന നിയമമാണിത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല.

നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും തൽക്കാലത്തേക്ക് വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്നാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസ്ഥ 30 ദിവസംകൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. 22 സംസ്ഥാനങ്ങൾ നിയമനടപടികൾ ആരംഭിച്ച് കഴിഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *