‘പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും’; ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംശയത്തക്കതായി യാതൊന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിലവിലെ യോഗ്യത ഉള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കും. മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങളാണ് നടപ്പിലാക്കിയത്. വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ടെന്‍ഡര്‍ വിളിക്കാറുണ്ടോ എന്നും സഭയിൽ മുഖ്യമന്ത്രി ചോദിച്ചു. ഇനിയും നിക്ഷേപങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ബ്രൂവറി ആദ്യം ആരംഭിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ടെന്‍ഡര്‍ വിളിച്ചാണോ യുഡിഎഫ് ആരംഭിച്ചത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. വ്യവസായത്തില്‍ മത്സരാധിഷ്ഠിതമായി ടെന്‍ഡര്‍ വിളിക്കാൻ കഴിയില്ല. പ്രാഥമിക അനുമതിയാണ് നിലവിൽ നല്‍കിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ പഞ്ചായത്തുമായി ആലോചിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഞ്ചിക്കോട് വാട്ടര്‍ അതോറിറ്റി ലൈന്‍ എത്തിയിട്ടില്ലെന്നും വാട്ടര്‍ അതോറിറ്റി ലൈന്‍ എത്തിയാല്‍ അതുവഴി ജലം കൊടുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വെള്ളത്തിന് പ്രയാസമുണ്ടാക്കുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കില്ല. വെള്ളം സംഭരിക്കുന്നത് മഴവെള്ള സംഭരണി വഴിയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനത്തിന് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വെള്ളം നൽകാൻ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.