ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി റിതുവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍ കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
അതേസമയം, കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയന്‍ പറയുന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ ബോസ് മരിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.
ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവന്‍ ആക്രമണവും നടത്തിയതെന്നാണ് മൊഴി. ജിതിന്‍ മരിക്കാത്തതില്‍ നിരാശ എന്ന് പ്രതി പറയുന്നു. കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഋതു ജയന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് ഋതു ജയന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. അവസരം ഒത്തു വന്നപ്പോള്‍ കൊന്നു എന്ന് ഋതു ജയന്‍ കസ്റ്റഡിയില്‍ പൊലീസിന് മൊഴി നല്‍കിയത്. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താന്‍ ആക്രമണം നടത്തിയതെന്ന് ഋതു ജയന്‍ ആവര്‍ത്തിച്ചു. 2 ദിവസം മുന്‍പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു. എന്നാല്‍ അയല്‍വാസികള്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്ന് ഋതു ജയന്റെ മൊഴി.
ഉഷ, വേണു, വിനീഷ, ജിതിന്‍ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും പിന്നീട് കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം പുറത്തിറങ്ങിയ വിനീഷയെ തലക്കടിച്ചു വീഴ്ത്തി പിന്നാലെ ഉഷയെയും വേണുവിനെയും ആക്രമിച്ചു. ജിതിന്റെ തലക്കടിക്കുകയും വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.