സാമൂഹ്യ-നിയമ ബോധവത്കരണ ക്ലാസ് നടത്തി
നിയമം-ഔദ്യോഗിക ഭാഷ, പ്രസിദ്ധീകരണ സെൽ വകുപ്പ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ജില്ലാതല സാമൂഹ്യ നിയമ ബോധവത്കരണ പരിപാടി ‘മാറ്റൊലി’ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നിയമ ബോധവത്കരണം സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ലഭിക്കേണ്ടതുണ്ടെന്നും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത സമൂഹത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
നിയമ സെക്രട്ടറി കെ.ജി സനൽകുമാർ അധ്യക്ഷനായി. നിയമം ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ സെൽ വകുപ്പ് അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ,് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, ലീഗൽ അസിസ്റ്റന്റ് കെ ദിവ്യ എന്നിവർ സംസാരിച്ചു. ‘ഇന്ത്യൻ ഭരണഘടനയും പ്രത്യേക നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ അഡ്വ. എം. ജീനാഭായി, ‘സ്ത്രീ ശക്തീകരണത്തിൽ പുതിയ ക്രിമിനൽ നിയമങ്ങൾ വഹിക്കുന്ന പങ്ക്’ എന്ന വിഷയത്തിൽ അഡ്വ. ഫാത്തിമ വാഴയിൽ എന്നിവർ ക്ലാസെടത്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.