ഇനി മുതൽ പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍; നിര്‍ണയ ലാബ് നെറ്റ്വര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യത്തിലേക്ക്

0

സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ നിര്‍ദ്ദിഷ്ട പരിശോധനാ ഫലങ്ങള്‍ മൊബൈലിലൂടെ അറിയാനും സാധിക്കും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായാണ് നിര്‍ണയ ലാബ് ശ്യംഖല നടപ്പാക്കി വരുന്നത്.

സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി ജില്ലകളില്‍ നിലവില്‍ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലത്തില്‍ നിര്‍ണയ പദ്ധതിയുടെ നെറ്റുവര്‍ക്കിങ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ നിര്‍ദിഷ്ട ഹെല്‍ത്ത് ബ്ലോക്കുകളില്‍ പ്രവര്‍ത്തനം നടന്ന് വരികയും ചെയ്യുന്നു. ഇത് സജ്ജമായാല്‍ പരിശോധനാ ഫലത്തിനായി അലയുകയും വേണ്ട.

സര്‍ക്കാര്‍ മേഖലയിലെ ലാബുകള്‍ വഴി ഗുണനിലവാരവും ആധുനിക പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കി കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികള്‍ വരെ മൂന്ന് തലങ്ങളിലായി പൊതുജനങ്ങള്‍ക്ക് ഫലപ്രദമാവുന്ന രീതിയില്‍ സംസ്ഥാനത്തെ ലാബ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

സര്‍ക്കാര്‍ ലാബുകളില്‍ നിര്‍ദിഷ്ട പരിശോധനകള്‍ ഉറപ്പാക്കുക, ലബോറട്ടറി സേവനങ്ങളില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ ലാബ് സൗകര്യം സൃഷ്ടിക്കുക, സര്‍ക്കാര്‍ പൊതുജനാരോഗ്യ സ്ഥാപങ്ങളിലെ ലബോറട്ടറികളെ പ്രാഥമിക, ദ്വിതീയ, ത്രിതീയ എന്നീ മൂന്ന് തലങ്ങളായി ബന്ധിപ്പിക്കുന്ന നിര്‍ണയ ലബോറട്ടറി ശൃംഖല പ്രവര്‍ത്തന സജ്ജമാക്കുക എന്നിവയില്‍ ഗണ്യമായ പുരോഗതി ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

പദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍, ജില്ലാ-സംസ്ഥാന പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍ എന്നീ സ്ഥാപനങ്ങള്‍ നിര്‍ണയ ലാബ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി ലാബ് ഡെവലപ്‌മെന്റ്/ലാബ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭൂരിഭാഗം ലാബോറട്ടറികളിലും പരിശോധനകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള ഇന്റേര്‍ണല്‍ ക്വാളിറ്റി കണ്‍ട്രോള്‍ നടപ്പാക്കുകയും, എക്‌സ്റ്റേര്‍ണല്‍ ക്വാളിറ്റി അഷ്യുറന്‍സ് എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്ഥാപനങ്ങളില്‍ കൂടി സമയബന്ധിതമായി നിര്‍ണയ നെറ്റുവര്‍ക്ക് സംവിധാനം സജ്ജമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *