കല്ല്യാട് നീലിക്കുളത്ത് അനധികൃത ചെങ്കല്ല് ഖനനം നിർത്തി വെക്കാൻ കലക്ടറുടെ നിർദേശം

0

ഇരിട്ടി താലൂക്കിലെ കല്ല്യാട് വില്ലേജിലെ നീലിക്കുളം പ്രദേശം ഉൾപ്പെടുന്ന 46/1, 46/4 സർവ്വേ നമ്പറിൽപെട്ട സ്ഥലത്തെ അനധികൃത ചെങ്കല്ല് ഖനനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. പ്രദേശത്തെ അനധികൃത ചെങ്കല്ല് ഖനനവുമായി ബന്ധപ്പെട്ട് കല്ല്യാട് സ്വദേശി ഫയൽ ചെയ്ത കേസിൽ, ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെയാണ് നടപടി. കേസിൽ അഡ്വക്കറ്റ് കമ്മീഷണറുടെ റിപ്പോർട്ടിൻമേൽ ഹൈക്കോടതി ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ചെങ്കല്ല് ഖനനം നടക്കുന്ന പ്രദേശങ്ങളിൽ നിരന്തര പരിശോധനക്കും അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിക്കും. ജിയോളജിസറ്റ്, റവന്യു, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാവും സ്‌ക്വാഡ്. ജിയോളജിസ്റ്റ്, പോലീസ്, റവന്യൂ ഉൾപ്പെടെയുള്ള സർവേ ടീം പ്രസ്തുത സ്ഥലത്ത് ഉടൻ സംയുക്ത പരിശോധന നടത്താൻ കലക്ടർ നിർദേശിച്ചു.
അഡ്വക്കറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കല്ല്യാട് വില്ലേജ് പരിധിയിൽ നടന്ന സ്ഥലപരിശോധനയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചു. കല്ല്യാട് വില്ലേജിലെ അനധികൃത ഖനനം നടത്തുന്ന ആകെ സ്ഥലത്തിന്റെ വിസ്തൃതി, അനധികൃത ഖനനത്തിൻമേൽ ഇതുവരെ സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ ജിയോളജിസ്റ്റിനോട് കലക്ടർ നിർദേശിച്ചു.
അനധികൃത ചെങ്കല്ല് ഖനനവുമായി ബന്ധപ്പെട്ട് കല്ല്യാട് സ്വദേശി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് അഡ്വക്കറ്റ് കമ്മീഷണർ സ്ഥല പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് ക്വാറികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

നിലവിൽ കല്ല്യാട് വില്ലേജിൽ ചെങ്കല്ല് ഖനനത്തിന് എട്ട് സ്ഥലത്ത് മാത്രമേ അനുമതിയുള്ളൂ. കേസിനാസ്പദമായ സ്ഥലത്ത് ഖനന അനുമതി നൽകിയിട്ടില്ല. അനധികൃത ചെങ്കല്ല് ഖനനത്തിന് കല്ല്യാട് വില്ലേജിൽ 2022 മുതൽ 40 ഓളം ഡിമാൻറ് നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2,42,54,690 രൂപ സർക്കാറിലേക്ക് ലഭിക്കാനുണ്ട്. ബാക്കി 30 എണ്ണത്തിൽ നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

കഴിഞ്ഞ ഡിസംബർ 30ന് അഡ്വക്കറ്റ് കമ്മീഷണറോടൊപ്പം സ്ഥലപരിശോധന നടത്തിയ സമയത്ത് രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് 37,180 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് 1,32,760 രൂപയും ജനുവരി 17ന് 2,33,010 രൂപയും ജനുവരി 18ന് 1,65,806 രൂപയുമായി ആകെ 5,31,576 രൂപ പിഴ ഈടാക്കി.

കല്ല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനവുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, ഇരിട്ടി എസ് ഐ ഷിബു പോൾ, പേരാവൂർ ഡിവൈഎസ്പി കെ.വി പ്രമോദൻ, ജിയോളജിസ്റ്റ് കെ.കെ വിജയ, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, ഇരിട്ടി താലൂക്ക് ജൂനിയർ സൂപ്രണ്ട് ഷൈജ, പടിയൂർ വില്ലേജ് ഓഫീസർ വി.എം പുരുഷോത്തമൻ, കല്ല്യാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ. സി നൗഫൽ എന്നിവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *