റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിൽ അന്വേഷണം; എഡിജിപി എസ്. ശ്രീജിത്തിന് ചുമതല
റഷ്യൻ കൂലി പട്ടാള ത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സംസ്ഥാന സർക്കാർ. എഡിജിപി എസ് ശ്രീജിത്ത് കേസ് അന്വേഷിക്കും.റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരുക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി.യുവാക്കളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നുവരികയാണ്. ഇതുവരെ റഷ്യൻ സേനയിൽ ചേർന്ന 12 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ-യുക്രൈയിൻ യുദ്ധത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. 18 ഇന്ത്യക്കാർ ഇപ്പോഴും റഷ്യൻ പട്ടാളത്തിൽ തുടരുന്നുണ്ടെന്നാണ് വിവരം. 126 പേരാണ് ഇന്ത്യയിൽ നിന്ന് റഷ്യൻ ആർമിയിൽ ചേർന്നത്.ഇതിൽ 96 പേർ തിരിച്ചെത്തി.
യുദ്ധത്തിൽ പരുക്കേറ്റ ജയിൽ ടികെ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ എംബസി ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. ചികിത്സക്ക് ശേഷം ഇദ്ദേഹത്തിന് വേഗം ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.