നിറത്തിന്‍റെ പേരിൽ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ
മലപ്പുറത്ത് നിറത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പിടിയിൽ. പ്രതി അബ്ദുൾ വാഹിദ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി. നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അബ്ദുൾ വാഹിദിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.
ഈ മാസം 14നാണ് ഷഹാന മുംതാസിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിൽ എന്നായിരുന്നു കുടുംബം ആരോപിച്ചത്. കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഷഹാനക്ക് നിറമില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ആരോപിച്ച് വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് അബ്ദുൽ വാഹിദും കുടുംബവും നിർബന്ധിച്ചിരുന്നു എന്ന് സഹോദരൻ പറഞ്ഞിരുന്നു. 2024 മെയ് 27 ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും തമ്മിലുള്ള വിവാഹം നടന്നത്. 20 ദിവസം ഒരുമിച്ചു കഴിഞ്ഞ ശേഷം അബ്ദുൽ വാഹിദ് വിദേശത്തേക്ക് പോയി. പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.