യുദ്ധം അവസാനിക്കുന്നു; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.യു.എസ്, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടിരിക്കുന്നത്.
24 , 28 , 31 വയസ് പ്രായമുള്ളവരെയാണ് ഇന്ന് വിട്ടയ്ക്കുക. പട്ടിക കൈമാറാത്തതിനെ തുടർന്ന് വെടിനിർത്തൽ കരാർ നടപ്പാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിനിടെ വെടിനിർത്തൽ കരാറിനെ എതിർത്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ രാജിവെച്ചു.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ് യുദ്ധത്തിനിടയാക്കിയത്. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ 1200-ഓളം പേരെ കൊന്നൊടുക്കി. 251 പേരെ തട്ടിക്കൊണ്ടുപോയി. 360 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള ഗാസയിൽ 23 ലക്ഷം പേരാണ് അധിവസിച്ചിരുന്നത്. ഈ നഗരത്തിൽ ഇസ്രയേൽ വിതച്ച നാശം വളരെ ഭീകരമാണ്. ഒന്നു പ്രതിരോധിക്കാൻ പോലുമാകാതെ ഗാസ ജനത അനുഭവിച്ച യാതന വാക്കുകൾക്കതീതമാണ്. പശ്ചിമേഷ്യയെ മുഴുവൻ യുദ്ധത്തിന്റെ മുൾമുനയിൽ നിറുത്താനും ഗാസയിലെ ഏറ്റുമുട്ടലിന് കഴിഞ്ഞു.