നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവർ പിടിയിൽ
നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയില്‍ ആയത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്കേറ്റിട്ടുണ്ട്. പരിക്കില്‍ കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു.
നെടുമങ്ങാട് അപകടത്തില്‍ ഒരാളാണ് ഇതുവരെ മരിച്ചത്. കാവല്ലൂര്‍ സ്വദേശിനി ദാസനിയാണ് മരിച്ചത്. 21 പേര് നിലവില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെ നെടുമങ്ങാട് ഇരിഞ്ചിയത്താണ് ദാരുണമായ സംഭവം നടന്നത്. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ബസില്‍ 49 പേര് ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ അധികവും കുട്ടികളായിരുന്നു.
ആംബുലന്‍സിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകള്‍ ആണ് ടൂര്‍ പോയത്. പെരുങ്കടവിള, കീഴാറൂര്‍, കാവല്ലൂര്‍ പ്രദേശത്തെ ആളുകളാണ് ഇതില്‍ കൂടുതല്‍ ഉള്ളത്. മറിഞ്ഞ ബസ് ക്രെയിന്റെ സഹായത്തോടെ ഉയര്‍ത്തി പരിശോധിച്ച് ബസിനടിയില്‍ ആരുമുണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്കി.