ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന് മാനസിക പ്രശ്‌നങ്ങളില്ല; ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല

0

ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതുവിന് മാനസിക വൈകല്യം ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ എസ്. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ആശുപത്രിയിലും ഇയാൾ ചികിത്സ തേടിയിട്ടില്ലെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ഋതുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ. വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇയാളുടെ മാനസിക നില പൊലീസ് പരിശോധിക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇയാള്‍ എവിടെയും ചികിത്സ തേടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായി നാട്ടുകാര്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി ലഹരിക്ക് അടിമയല്ലെന്ന് പൊലീസ് കണ്ടെത്തിയത്.പ്രതി കുറ്റം ചെയ്യുന്ന സമയത്തും ലഹരി ഉപയോഗിച്ചിരുന്നില്ല.

അതേസമയം, കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പൊതുദർശനത്തിന് വീട്ടിലെത്തിച്ചു. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിനെ ലക്ഷ്യമിട്ടാണ് ഋതു വീട്ടിലെത്തിയത്. ആദ്യം പുറത്തിറങ്ങിയ വിനീഷയെ തലക്കടിച്ചു വീഴ്ത്തി പിന്നാലെ ഉഷയെയും വേണുവിനെയും ആക്രമിച്ചു. ജിതിന്റെ തലക്കടിക്കുകയും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷവും പ്രതിക്ക് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം ഋതു ജിതിന്റെ ബൈക്കുമായി പോകുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. രണ്ട് ദിവസം മുൻപാണ് ഇയാൾ ബംഗളൂരിൽ നിന്ന് നാട്ടിലെത്തിയത്.

ഒരു വർഷമായി ജിതിന്റെയും ഋതുവിന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചിട്ട്. സമീപത്തെ മറ്റു വീടുകളിലും ഋതു അതിക്രമിച്ചു കയറി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എൻഡിപിഎസ് കേസിലും പ്രതിയാണ് ഋതു ജയൻ. കൊടും ക്രിമിനൽ ആയതിനാൽ ഇയാളെ എതിർക്കാൻ നാട്ടുകാരും ഭയപ്പെട്ടിരുന്നു. ആദ്യം മുതൽ അവസാനം വരെ നടന്ന കാര്യങ്ങൾ ഋതു പൊലീസിനു മുൻപാകെ വിശദീകരിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *