ബ്ലോക്കുകളില്‍ വെറ്ററിനറി ആംബുലന്‍സ് ഒരാഴ്ചക്കകം: മന്ത്രി ജെ ചിഞ്ചുറാണി
ക്ഷീര കര്‍ഷകര്‍ക്ക് വീട്ടുമുറ്റത്തു സേവനം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ആംബുലന്‍സ് ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദയഗിരി സെന്റ്‌മേരിസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി 58 ആംബുലന്‍സുകള്‍ തയ്യാറായതായും 12 വാഹനങ്ങള്‍ കണ്ണൂര്‍ ജില്ലക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്പറില്‍ വിളിച്ചാല്‍ കര്‍ഷകരുടെ വീട്ടില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പശുവിനെ ലഭിക്കാന്‍ പലിശ രഹിത ലോണ്‍ നല്‍കും. ക്ഷീര മേഖലയില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പശുക്കളെയും ഇന്‍ഷുറന്‍സ് ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പാല്‍ ഉല്‍പ്പനത്തില്‍ മലബാര്‍ മേഖലയാണ് മുന്‍പില്‍ നില്‍ക്കുന്നത്. നിരന്തരമായ കാലാവസ്ഥാ വ്യതിയാനം കന്നുകാലികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പശുക്കള്‍ ചൂടുകാരണവും 600 ലധികം പശുക്കള്‍ ചര്‍മ്മമുഴ രോഗം കാരണവും മരണപ്പെട്ടതായാണ് കരുതുന്നത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ ചര്‍മ്മമുഴ മൂലം മരണപ്പെട്ട ഒരു പശുവിന് 37,500 രൂപ ലഭ്യമാകും. ചൂടു മൂലം മരണപ്പെട്ട പശുവിന് 20,000 രൂപയും കന്നു കുട്ടിക്ക് പതിനായിരം രൂപയും നല്‍കാനുള്ള പദ്ധതി സംസ്ഥാനത്ത് നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതി 70 പഞ്ചായത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. നാലുമാസം മുതല്‍ 12 മാസം വരെ കന്നുകുട്ടികളെ വളര്‍ത്താന്‍ തീറ്റക്ക് സബ്‌സിഡിയായി നല്‍കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്കായി 21 കോടി രൂപ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞു. ക്ഷീര ക്ഷേമനിധി പെന്‍ഷന്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി ക്ഷീര മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ജില്ലയില്‍ പന്നിഫാം നടത്തുന്ന കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന നാശനഷ്ടം പരിഗണിച്ച് കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മികച്ച ക്ഷീര കര്‍ഷകര്‍, ക്ഷീര സംഘം, ക്ഷീര കര്‍ഷക ക്ഷേമനിധി കര്‍ഷകന്‍ തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.
അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരന്‍, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം മോഹനന്‍, ഉദയഗിരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എസ് അബിഷ, കെ.ടി സുരേഷ് കുമാര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത ജോസ്, സംഘാടകസമിതി ചെയര്‍മാന്‍ ബാബു തോമസ് പാറപ്പള്ളില്‍, ആലക്കോട് ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ ദീപ ജോസ്, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.