പൊള്ളാച്ചിയിൽ ഭീമൻ ബലൂൺ വീണ്ടും ഇടിച്ചിറക്കി; ആർക്കും അപായമില്ല
പൊള്ളാച്ചി ബലൂൺ ഫെസ്റ്റിവലിനിടെ പറത്തിയ ഭീമൻ ബലൂൺ വീണ്ടും ഇടിച്ചിറക്കി. പാലക്കാട് വടവന്നൂർ വട്ടച്ചിറയിലാണ് ബലൂൺ ഇടിച്ചിറക്കിയത്.മൂന്ന് സാഹസിക യാത്രികരാണ് ബലൂണിൽ സഞ്ചരിച്ചിരുന്നത്. ദിശ തെറ്റി ബലൂൺ വടവന്നൂർ മേഖലയിലേക്ക് എത്തുകയായിരുന്നു. ആർക്കും അപായമില്ല. കഴിഞ്ഞദിവസം കന്നിമാരി മുള്ളൻതോട്ടിലെ കൃഷിയിടത്തിലേക്കും ഭീമൻ ബലൂൺ ഇടിച്ചിറക്കിയിരുന്നു. ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കിയിരുന്നു. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്.
തമിഴ്നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ്റെ മക്കളും, ബലൂൺ പറക്കൽ വിദഗ്ധരുമാണ് കൃഷിയിടത്തിൽ ഇടിച്ചിറങ്ങിയ ബലൂണിൽ ഉണ്ടായിരുന്നത്. ബലൂണിലെ ഇന്ധനം തീർന്നതിനെ തുടർന്ന് പാടത്ത് ഇടിച്ചിറക്കുകയായിരുന്നു. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂൺ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തൽ.