വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

പുഷ്‌പോത്സവത്തിന് ഒരുങ്ങി കണ്ണൂര്‍

ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ കണ്ണൂര്‍ പുഷ്‌പോത്സവം പൊലീസ് മൈതാനിയില്‍ ജനുവരി 16ന് തുടങ്ങും. വൈകീട്ട് ആറിന് കൃഷി മന്ത്രി പി.പ്രസാദ്  ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാവും. മേയര്‍ മുസ്ലീഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, എന്നിവര്‍ മുഖ്യാതിഥികളാകും. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളെ പരിപാടിയില്‍ ആദരിക്കും. തുടര്‍ന്നു ഗായിക സജിലാ സലീമും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. പന്ത്രണ്ട് ദിവസമായി നടക്കുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയും നടക്കും. കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പ്രത്യേക ആകര്‍ഷണമാണ്.

പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് ജനുവരി 21 ന്

ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിംഗ് ജനുവരി 21 ന് രാവിലെ 11 ന് കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. പരാതി സമര്‍പ്പിച്ചവര്‍ കൃത്യസമയത്ത് അതോറിറ്റി മുമ്പാകെ ഹാജരാകണം.

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം

ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം ജനുവരി 16 ന് രാവിലെ 10:30ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടത്തും. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് കണ്ണൂര്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി ജയേഷ് അധ്യക്ഷനാവും. ഡയറക്ടര്‍ എസ്. മനു മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെയും ഏജന്റുമാരെയും പരിപാടിയില്‍ അനുമോദിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും.

‘മാറ്റൊലി’ ജനുവരി 21ന്

നിയമ വകുപ്പിന്റെ ആഭിമിഖ്യത്തില്‍ മോഡണൈസേഷന്‍ ഓഫ് ലോ ഡിപ്പാര്‍മെന്റ് പദ്ധതിയുടെ ഭാഗമായി സാമൂഹിക-നിയമ അവബോധം നല്‍കുന്ന പരിപാടി ‘മാറ്റൊലി 2025’ ജനുവരി 21ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18ന് തൃശ്ശൂര്‍ അയ്യന്തോള്‍ പ്രിയദര്‍ശിനി ഹാളില്‍ പരിപാടി നടത്തും.

സാമൂഹിക സാമ്പത്തിക സര്‍വെ

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വെ എണ്‍പതാമത് റൗണ്ട് സാമൂഹിക സാമ്പത്തിക സര്‍വെ തുടങ്ങി. എന്‍എസ്ഒയുടെ കോഴിക്കോട് റീജണല്‍ ഓഫീസാണ് കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ സര്‍വ്വേ തുടങ്ങിയത്. ആശുപത്രി സന്ദര്‍ശനത്തിനും ആശുപത്രി വാസത്തിനും കുടുംബം ചെലവഴിച്ച തുക, ഗര്‍ഭകാലത്തും പ്രസവത്തിന്റെ ആദ്യ നാല്പത്തി രണ്ട് ദിവസങ്ങളിലും നടത്തിയ പരിപാലനവും ചെലവുകളും, വാക്‌സിനേഷന്‍,  കുടുംബാംഗങ്ങള്‍ക്കുള്ള വിവിധതരം അസുഖങ്ങള്‍ തുടങ്ങിയവയാണ് ആരോഗ്യ മോഡ്യൂളില്‍ രേഖപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍,  ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം, കുടുംബാംഗങ്ങളുടെ ഐസിടി വൈദഗ്ധ്യം തുടങ്ങിയവയാണ് ടെലി കമ്മ്യൂണിക്കേഷന്‍ മൊഡ്യൂളില്‍ രേഖപ്പെടുത്തുക.

സൂക്ഷമ ജലസേചനം പദ്ധതി

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ഉയര്‍ന്ന ഉല്‍പാദനം ഉറപ്പു വരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആര്‍.കെ.വി.വൈ – പി.ഡി.എം.സി സൂക്ഷ്മ ജലസേചനം (പി.ഡി.എം.സി മൈക്രോ ഇറിഗേഷന്‍) 2024-25 പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ് , സ്പ്രിംഗളര്‍) സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് ചെലവിന്റെ 55 ശതമാനം നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് കൃഷിഭവനുകളിലും കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ്ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 04972965150, 9539630981, 9383472051, 9383472050

അപേക്ഷ ക്ഷണിച്ചു

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയിലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യ ഭവനുകളില്‍ അപേക്ഷകള്‍ ലഭിക്കും. ജനുവരി 22 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0497 2731081

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗ്രാമപരിധിയിലുള്ള ബഡ്സ് സ്ഥാപനങ്ങളിലേക്ക് സംഗീത ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓാഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഫോണ്‍- 0497 2702080

ലേലം

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും ജനുവരി 30 ന് ഉച്ചക്ക് 12 ന് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ ജില്ലാ ആശുപത്രി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

രുചിയുടെ കലവറ തുറക്കാന്‍ കുടുംബശ്രീ ഭക്ഷ്യമേള

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജനുവരി 16 മുതല്‍ 20 വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള മട്ടന്നൂര്‍ മാനവം ഗ്രൗണ്ടില്‍ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകരാണ് രുചിയുടെ മാന്ത്രികത ജനങ്ങളിലേക്ക് എത്തിക്കുന്നത്. അട്ടപ്പാടി വനസുന്ദരി ചിക്കന്‍ സ്റ്റാളും മേളയില്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളുടെ പ്രത്യേക സ്റ്റാളും മേളയില്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും ഉണ്ടാകും. മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

കേരള രാജ്യാന്തര ഊര്‍ജ മേള- ഓണ്‍ലൈന്‍ മെഗാ ക്വിസ്

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഊര്‍ജ മേളയോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും മത്സരിക്കാന്‍ സാധിക്കുന്ന മെഗാക്വിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ emck@keralaenergy.gov.in. ല്‍ ലഭ്യമായ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ആദ്യഘട്ട മത്സരം ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നിന് നടക്കും. ആദ്യഘട്ട മത്സര വിജയികള്‍ ഫെബ്രുവരി ഒന്‍പതിന് തിരുവന്തപുരത്ത് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആയിരിക്കും. ഊര്‍ജം, പൊതുവിജ്ഞാനം മേഖലകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും നല്‍കുക. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികള്‍ക്ക് ലഭിക്കും. പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2594922,

വയോസാന്ത്വനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണം നല്‍കുന്ന വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ രേഖകള്‍ സഹിതം ജനുവരി 17ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനിതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷാഫോറം എന്നിവ www.sjd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0497 2997811, 8281999015

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടട ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 21ന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04972835183

അനുശോചിച്ചു

കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി സത്യന്‍ വണ്ടിച്ചാലിന്റെ നിര്യാണത്തില്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി
എ.വി.അജയകുമാര്‍ എന്നിവര്‍ അനുശോചിച്ചു. അക്കാദമിയില്‍ നടന്ന അനുശോചന യോഗത്തില്‍ ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ മൃഗസംരക്ഷണവകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക/ പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യുമറേറ്റര്‍ ( കാറ്റഗറി നമ്പര്‍ 619/2023) (ഫസ്റ്റ് എന്‍സിഎ- ധീവര) തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ വാള്‍ ഫാനുകളും പാനല്‍ ലൈറ്റുകളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04972780226, വെബ്‌സൈറ്റ്- www.gcek.ac.in

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പടിപ്പുര മുതല്‍ പ്രധാനഗേറ്റ് വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04972780226, വെബ്‌സൈറ്റ്- www.gcek.ac.in

ക്വട്ടേഷന്‍ ക്ഷണിച്ചു

ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്‌പോര്‍ട്ട്‌സ് ജേഴ്‌സികള്‍ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04902346027

About The Author

Leave a Reply

Your email address will not be published. Required fields are marked *