മഹാകുംഭമേളയ്ക്ക്‌ ഒരുങ്ങി പ്രയാഗ്‌രാജ്‌, ചടങ്ങുകൾക്ക്‌ ഇന്ന്‌ തുടക്കം

0

ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളക്ക് ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമാകും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ക്ഷണിച്ചു.

144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്ന് പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങുകള്‍. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും. പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണവും വാച്ച് ടവറുമടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 40 കോടി ഭക്തരാണ് ഇക്കുറി കുംഭമേളയ്ക്ക് എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മഹാകുംഭമേളയില്‍ എത്തുന്ന ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാനുള്ള നടപടികള്‍ ഉള്‍പ്പടെ യുപി സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. ത്രിവേണി സംഗമ വേദിയില്‍ 40 മുതല്‍ 45 കോടി വരെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഓരോ തീര്‍ത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എ.ഐ അധിഷ്ഠിത ക്യാമറകള്‍ തന്നെയായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം കണക്കാക്കാന്‍ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ ആര്‍എഫ്‌ഐഡി ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളുമുണ്ടാകും. മേള നടക്കുന്ന വേദിയില്‍ 200 സ്ഥലങ്ങളിലായി താത്കാലിക സിസിടിവി ക്യാമറകളും നഗരത്തിന്റെ പല ഭാഗങ്ങളില്‍ സ്ഥിരം ക്യാമറകളും പ്രവര്‍ത്തിക്കും.

ഇതിന് പുറമെ നൂറിലധികം പാര്‍ക്കിങ് കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ കൂടി സ്ഥാപിച്ചായിരിക്കും ഫലപ്രദമായ തിരക്ക് നിയന്ത്രണം സാധ്യമാക്കുന്നത്. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന്റെത് ഉള്‍പ്പെടെയുള്ള നിരവധി വ്യൂവിങ് സെന്ററുകള്‍ ഒരുക്കി എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കും. ഓരോ വ്യക്തികളെയും ട്രാക്ക് ചെയ്യുന്ന പ്രത്യേക ക്യാമറകള്‍ക്ക് പുറമെ ഓരോ വ്യക്തികള്‍ക്കും ആര്‍ഫ്‌ഐഡി റിസ്റ്റ് ബാന്‍ഡുകള്‍ നല്‍കി അവരെ ട്രാക്ക് ചെയ്യും. ഇതിലൂടെ ഓരോരുത്തരും എത്ര നേരം കുംഭമേള നഗരിയില്‍ ചെലവഴിച്ചു എന്ന് അറിയാനാവും. ഇതിന് പുറമെ വിശ്വാസികളുടെ അനുമതിയോടെ പ്രത്യേക മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ നിന്നുള്ള ജിപിഎസ് വിവരങ്ങള്‍ ഉപയോഗിച്ചും വിവരങ്ങള്‍ ശേഖരിക്കും. ഇത്തരത്തില്‍ നിരവധി സജ്ജീകരണങ്ങളാണ് കുംഭമേളയുടെ ഭാഗമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *