യുപിയിലെ റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു
ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച 2.30 ഓടെയാണ് സംഭവം. 23-ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 15 തൊഴിലാളികളെ രക്ഷപ്പെടുത്താനായി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം നടക്കുകയാണ്.
സംഭവസമയത്ത് 35-ഓളം തൊഴിലാളികളാണ് നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ പറഞ്ഞു.