രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവം; കേബിളില്‍ കാല്‍ കുരുങ്ങിയെന്ന് സംശയം

0

കിളിമാനൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ റോഡില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങിയാണ് കുട്ടി ബസിന് അടിയിലേക്ക് വീണതെന്നാണ് വിവരം.ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു കിളിമാനൂരില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. മടവൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നിലായിരുന്നു അപകടം നടന്നത്. കുട്ടിയെ ഇറക്കിയ ശേഷം ബസ് മുന്നോട്ടുപോകുമ്പോഴായിരുന്നു അപകടം. റോഡരികില്‍ ഇറങ്ങിയ കുട്ടി, വീട്ടില്‍ ആളില്ലാത്തതിനാല്‍ അടുത്ത വീട്ടിലേക്ക് പോകുകയായിരുന്നു.


ഈ സമയം റോഡിന്റെ വശത്ത് ചുറ്റിയിട്ട നിലയില്‍ കിടന്ന കേബിളില്‍ കാല്‍ ഉടക്കി കൃഷ്‌ണേന്ദു തെറിച്ചുവീണു. ഈ സമയം കുട്ടി വീണതറിയാതെ ബസ് മുന്നോട്ടെടുത്തു. ബസിന്റെ ഇടതുവശത്തെ ചക്രമാണ് കുട്ടിയുടെ തലയില്‍ കയറിയത്. ഉടന്‍ തന്നെ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *