ബാലരാമപുരത്തെ സമാധിയിൽ ദുരൂഹത; സംഭവത്തില്‍ അന്വേഷണം നടത്താൻ പോലീസ് തീരുമാനം
ബാലരാമപുരത്ത് സമാധിയായെന്ന് പറഞ്ഞ് അച്ഛനെ മകന്‍ സ്ലാബിട്ട് മൂടി. ചുമട്ട് തൊഴിലാളിയായ ഗോപനെയാണ് മകന്‍ സ്ലാബിട്ട് മൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ കുടുംബം രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തി എന്ന് വ്യക്തമാക്കി ഗോപന്റെ മകന്‍ രംഗത്തെത്തി.
ഇതിന് ശേഷം സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്. മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും മകന്‍ പറഞ്ഞു. ബന്ധുജനങ്ങളില്‍ ‘സമാധി’ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടറുടെ തീരുമാനം ഇന്നറിയാം. തുടര്‍നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ച് കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.