ആരോഗ്യ രംഗത്ത് വീണ്ടും അഭിമാന നേട്ടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്റർ ഓഫ് എക്സലന്‍സായി പ്രഖ്യാപിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍, ഐസിഎംആര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരുക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തത്
ഡല്‍ഹി എയിംസ്, ഡല്‍ഹി സഫ്ദര്‍ജംഗ്, പുതുച്ചേരി ജിപ്മര്‍, പിജിഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രശസ്തങ്ങളായ 8 മെഡിക്കല്‍ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത് എന്നത് അഭിമാനിക്കാവുന്ന ഒന്നാണെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ട്രോമ, ബേണ്‍സ് പരിചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് പട്ടികയില്‍ തന്നെ ഇടം പിടിക്കാനാണ് കേരളത്തിനായത്.
സംസ്ഥാനത്തെ ട്രോമ, ബേണ്‍സ് ചികിത്സാ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ സെന്റര്‍ ഓഫ് എക്സലന്‍സിലൂടെ സാധിക്കും. എമര്‍ജന്‍സി കെയറിന്റേയും ബേണ്‍സ് കെയറിന്റേയും സ്റ്റേറ്റ് അപെക്സ് സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും.