‘മനുഷ്യന് അപകടം സംഭവിച്ചിട്ട് പരിപാടി നിർത്തിവെയ്ക്കാൻ തയ്യാറായോ?’; മൃദം​ഗ വിഷന് നേരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

0

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പരിപാടിക്കിടെ ഉമാ തോമസ് എം.എല്‍.എയ്ക്ക് പരിക്കുപറ്റിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എം.എല്‍.എയ്ക്ക് പരിക്കുപറ്റിയിട്ടും എന്തുകൊണ്ട് പരിപാടി നിര്‍ത്തിവെച്ചില്ലെന്ന് കോടതി ചോദിച്ചു.

പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ എംഡി എം നിഗോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കടുത്ത വിമര്‍ശനം.

പങ്കെടുത്തവരില്‍ നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്നും ഹൈക്കോടതി ചോദിച്ചു. മനുഷ്യ ജീവന് വിലയില്ലാതായെന്നും സംഘാടകര്‍ക്ക് പണം മാത്രം മതിയെന്ന സ്ഥിതിയാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവെയ്ക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും സംഘാടകര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ഉയര്‍ന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തി. ഇതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓരോ കുട്ടികളില്‍ നിന്ന് 3,500 രൂപയും അതിന് പുറമേ സാരിക്ക് 1,600 രൂപ വീതവും ഈടാക്കിയന്നെ വെളിപ്പെടുത്തലുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗുരുതര വീഴ്ച വ്യക്തമായതോടെ മൃദംഗ വിഷന്‍ സിഇഒ, എംഡി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *