കടവന്ത്ര അപകടം; കെഎസ്ആർടിസിക്ക് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റുമില്ല
കടവന്ത്രയിൽ യുവതിയുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.കടവന്ത്ര സിഗ്നലിൽ ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ടു. അരൂക്കുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.