പത്തനംതിട്ടയിൽ കരോൾ സംഘത്തെ മറ്റൊരു സംഘം ആക്രമിച്ചതായി പരാതി, 4 പേർ പൊലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റു.
കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 1.30 ഓടു കൂടിയാണ് ആക്രമണം നടന്നത്. കരോൾ സംഘം അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെ പത്തിലധികം വരുന്ന സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതി.
ആക്രമണത്തിൽ സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരുക്കേറ്റു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. പരുക്കേറ്റയാളുകൾ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം.
അതേസമയം വാഹനത്തിന് കടന്നുപോവാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും വാഹനത്തിൻ്റെ ലൈറ്റ് ഡിം ചെയ്യാത്തതും പ്രശ്നങ്ങൾക്ക് ഇടയാക്കിയെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും കൊയ്പുറം പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സുരേഷ്, ജിത്തു, ഷെറിൻ, ജിബിൻ എന്നീ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.